തിരുവനന്തപുരം:ലോക്ക് ഡൗൺ കർശനമായി നടപ്പാക്കാൻ പൊലീസ് നടപടികളെടുത്തതോടെ കാഴ്ച കാണാനും കറങ്ങാനുമായി റോഡിൽ ഇറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. മതിയായ കാരണങ്ങളില്ലാതെ ഒരു വാഹനവും ഇന്നലെ പൊലീസ് കടത്തിവിട്ടില്ല.പൊലീസുമായി തർക്കിച്ചവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു. ലോക്ക് ഡൗൺ അവസാനിച്ച ശേഷമേ ഇവ ഉടമകൾക്ക് വിട്ടുനൽകൂ. പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ ഗ്രൗണ്ടുകൾ ഉപയോഗിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ വ്യാഴാഴ്ച രാവിലെയും റോഡുകളിൽ വാഹനങ്ങളിറങ്ങി. രാവിലെ ഒമ്പതോടെ വാഹനങ്ങളുടെ എണ്ണം കൂടുതലായിരുന്നെങ്കിലും പൊലീസ് നടപടി തുടങ്ങിയതോടെ കുറഞ്ഞു. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ചാണ് വാഹനങ്ങൾ തടഞ്ഞത്. തിരിച്ചറിയൽ കാർഡില്ലാത്തതും സത്യവാങ് മൂലം കരുതാത്തവർക്കുമെതിരെ നടപടി സ്വീകരിച്ചു. എന്നാൽ അവശ്യസർവീസ് മേഖലയിലുള്ളവരെ ചില സ്ഥലങ്ങളിൽ പൊലീസ് തടഞ്ഞതായും ആക്ഷേപമുണ്ടായി. തിരുവനന്തപുരത്ത് ബാങ്ക് ജീവനക്കാരന്റെ വാഹനം പൊലീസ് തടഞ്ഞുവെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ തിരിച്ചറിയൽ കാർഡോ സത്യവാങ്മൂലമോ ഇല്ലാതിരുന്നതിനാലാണ് തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി വ്യാഴാഴ്ച ഗ്രാമപ്രദേശങ്ങളിലെ റോഡുകളെല്ലാം ഒഴിഞ്ഞുകിടന്നു. സാധനങ്ങൾ വാങ്ങാൻ ചന്തകളിൽ പോകുന്നവരും മറ്റ് അവശ്യസേവനങ്ങൾക്ക് പോകുന്നവരുടെ വാഹനങ്ങളും മാത്രമാണ് റോഡിലുണ്ടായിരുന്നത്. നാട്ടിൻപുറത്തെ ചെറിയ ചായക്കടകളും ഹോട്ടലുകളും പൂർണമായും അടഞ്ഞുകിടന്നു. തുടർച്ചയായി അടച്ചുപൂട്ടൽ നിർദ്ദേശം ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും. നിരത്തുകളിലെ തിരക്ക് കഴിഞ്ഞ ദിവസത്തെക്കാൾ പകുതിയായി കുറഞ്ഞിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.