തിരുവനന്തപുരം:ലോക്ക് ഡൗൺ ലംഘിച്ചു അനാവശ്യമായി യാത്രചെയ്ത 109 പേർ അറസ്റ്റിലായി. അനാവശ്യയാത്രകൾ നടത്തിയ 109 പേർക്കെതിരെ ഇന്നലെ കേസെടുത്തു. കൂടുതൽ പേർ അറസ്റ്റിലായത് തമ്പാനൂർ,ഫോർട്ട്,ശ്രീകാര്യം പൊലീസ് സ്‌റ്റേഷനുകളിലാണ്. 92 വാഹനങ്ങൾ പിടിച്ചെടുത്തു. 75 ഇരുചക്ര വാഹനങ്ങളും 15 ആട്ടോറിക്ഷകളും 2 കാറുകളുമാണ് പിടിച്ചെടുത്തത്. ഇവ 21 ദിവസം കഴിഞ്ഞേ വിട്ടയയ്ക്കുകയുള്ളൂവെന്നു സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. സിറ്റിയിൽ അതിർത്തി അടച്ചുള്ള പരിശോധന തുടരുകയാണ്. ആഹാര സാധനങ്ങളും മരുന്നുവാങ്ങാനും ആശുപത്രി സേവനങ്ങൾക്കും മാത്രമേ ആളുകളെ സിറ്റി അതിർത്തി കടത്തി വിടുകയുള്ളൂ. ഇപ്പോഴുള്ള ചെക്കിംഗ് പോയിന്റുകൾക്ക് പുറമേ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന വ്യാപിപ്പിക്കും. ഗതാഗത നിയന്ത്രണ ചുമതലയുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെയും വിലക്കു ലംഘിച്ചു യാത്ര ചെയ്യുന്നവരെ പിടികൂടാൻ സിറ്റിയിൽ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.
പൊലീസ് കമ്മിഷണർ ഉപാദ്ധ്യായ പറയുന്നു
വാഹനത്തിൽ കറങ്ങി നടക്കുന്നവർക്കെതിരെ കേസെടുക്കും
അവശ്യസാധനങ്ങൾ വാങ്ങാൻ പോകുന്നവർ സത്യവാങ്ങ്മൂലം കൈയിൽ കരുതണം
വീടിന് സമീപത്തുള്ള കടകളലേക്ക് മാത്രമേ അവശ്യസാധനങ്ങൾ വാങ്ങാൻ പോകാൻ അനുവദിക്കുകയുമുള്ളു
തിരക്കു കൂട്ടി സാധനങ്ങൾ വാങ്ങാൻ എത്തുന്നത് രോഗവ്യാപനത്തിന് ഇടയാകും
കടകൾ രാവിലെ 7മുതൽ 5വരെ തുറന്നിരിക്കുന്നതിനാൽ റസിഡന്റ്സ് അസോസിയേഷനുകൾ മുൻകൈയെടുത്ത് സമയ ക്രമീകരണം ഏർപ്പെടുത്തണം
ബാങ്ക് ജീവനക്കാരും അവശ്യ സർവീസ് നടത്തുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരും ജോലി സ്ഥലത്ത് ഡ്രൈവർമാരുമായി വന്നശേഷം വാഹനം മടക്കി അയയ്ക്കുന്നത് നിറുത്തലാക്കണം
ജോലി സമയം തീരുന്നതുവരെ ഡ്രൈവർമാരും അതതു സ്ഥലങ്ങളിൽ തുടരണം.
വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ ഒറ്റപ്പെടുത്താതെ വേണ്ട സഹായങ്ങൾ ചെയ്യാൻ അയൽക്കാർ തയ്യാറാവണം
തനിച്ച് താമസിക്കുന്ന രോഗികൾക്കും മുതിർന്ന പൗരൻമാർക്കും പ്രത്യേക പരിഗണന നൽകും
തനിച്ച് താമസിക്കുന്നവരെ ജനമൈത്രി പൊലീസ് ഫോണിൽ വിളിക്കും
3 ദിവസമായി 1011 മുതിർന്ന പൗരൻമാരെ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്
ഒറ്റയ്ക്ക് കഴിയുന്ന രോഗികൾക്കോ മുതിർന്ന പൗരൻമാർക്കോ അയൽക്കാർക്കോ 112ൽ വിളിച്ച് പൊലീസ് സഹായം തേടാം