cm

തിരുവനന്തപുരം : കൊറോണയെ തുടർന്ന് സംസ്ഥാനത്ത് സാഹചര്യം എത്ര കടുത്താലും നേരിടാൻ സർക്കാർ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ സംവിധാനങ്ങൾക്ക് പുറമേ സ്വകാര്യ ആശുപത്രികളെ കൂടി ഇതിനായി തയ്യാറാക്കി കഴിഞ്ഞു. 879 സ്വകാര്യ ആശുപത്രികളിലെ 69434 കിടക്കകളും 56707 ഐ.സിയു സൗകര്യവും പ്രയോജനപ്പെടുത്തും. ആശുപത്രികളോട് ചേന്നുള്ള 716 ഹോസ്റ്റലുകളിലെ 15333 മുറികളും കൊറോണ വാർഡുകളായി ഉപയോഗിക്കും. അറ്റകുറ്റപ്പണി ആവശ്യമുള്ള സ്ഥലങ്ങളിൽ പണി ആരംഭിച്ചു കഴിഞ്ഞു.

2012 മുതൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച 1640 ഡോക്ടർമാരുടെ സേവനം കൂടി കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ഉപയോഗിക്കും. അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥികളെയും ഇതിന്റെ ഭാഗമാക്കും. ആരോഗ്യ രംഗത്തെ എല്ലാവരും സ്വന്തം സുരക്ഷ ഉറപ്പാക്കണം. ജൂനിയർ പബ്ലിക് ഹെൽത്ത് നഴുസുമാർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവർ ജാഗ്രത പുലർത്തണം. 60വയസിന് മുകളിലുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അവർക്ക് പ്രത്യേക പരിഗണ നൽകും.

നവജാതശിശുക്കൾക്കാവശ്യമുള്ള വസ്ത്രം മെഡിക്കൽ ഷോപ്പുകൾ വഴി വിതരണം ചെയ്യാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാക്കേജ് സ്വാഗതാർഹം, ദിനംപ്രതി റിപ്പോർട്ട് നൽകും

കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച കൊറോണ പാക്കേജ് സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പുകാരുടെ ജോലിയിൽ വർദ്ധനവ് സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളാണ്.

സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചറിയാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ വിളിച്ചിരുന്നു. കേരളത്തിന്റെ പ്രവർത്തനത്തിൽ അദ്ദേഹം ഏറെ മതിപ്പ് രേഖപ്പെടുത്തി. ഓരോ ദിവസത്തെയും കേരളത്തിലെ നടപടികൾ കേന്ദ്രത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട പ്രകാരം ദിനം പ്രതി റിപ്പോർട്ട് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.