തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ മറവിൽ വിലക്കയറ്റവും സാധനദൗർലഭ്യവും സംബന്ധിച്ച പരാതികളുണ്ടെന്നും വില കൂട്ടിവിൽക്കുന്നത് ഒരുതരത്തിലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
സാധനങ്ങൾ ചില്ലറവില്പനക്കാരുടെ കടകളിലെത്തിക്കാൻ തടസമുണ്ടാകില്ലെന്ന് സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരുമായി നടത്തിയ ഓഡിയോ കോൺഫറൻസിൽ വ്യക്തമായി. മൂന്ന്- നാല് മാസത്തേക്കുള്ള സാധനങ്ങൾ സ്റ്റോക്ക് ചെയ്യാനാകണം. ന്യായമായ വിലയ്ക്ക് സാധനങ്ങൾ കൊടുക്കാനാകണം.
ചില്ലറ വ്യാപാരത്തിന് തടസമുണ്ടാവില്ല. പുറമേനിന്ന് ഭക്ഷണസാധനങ്ങളെത്തിക്കുന്നതിനുള്ള പ്രയാസങ്ങൾ പരിഹരിക്കാൻ ഉന്നതതല സംഘം പ്രവർത്തിക്കും. സാധനങ്ങൾ എവിടെ നിന്നാണോ കൊണ്ടുവരേണ്ടത്, അവിടേക്ക് ആവശ്യമായ വാഹനങ്ങൾ എത്തിക്കാൻ സംവിധാനമൊരുക്കും. അത് കടന്നുവരേണ്ട സംസ്ഥാനങ്ങളിലെല്ലാം ബന്ധപ്പെട്ട് സൗകര്യമുണ്ടാക്കും.
വാഹന രജിസ്ട്രേഷൻ
ഈ മാസം 31ന് കാലാവധി അവസാനിക്കുന്ന ബി.എസ് നാല് വാഹന രജിസ്ട്രേഷന്റെ തീയതി നീട്ടാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. പുതിയ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഏപ്രിൽ ഒന്നു മുതൽ ഏർപ്പെടുത്തിയ നികുതിവർദ്ധന ആ തീയതിക്കു മുമ്പ് താത്കാലിക രജിസ്ട്രേഷൻ സമ്പാദിച്ച വാഹനങ്ങൾക്ക് ബാധകമാകില്ല.
അപേക്ഷ നൽകുന്നതിലെ കാലതാമസത്തിന് വരുന്ന കോമ്പൗണ്ടിംഗ് ഫീസും പിഴയും ഒഴിവാക്കും. ജി ഫോറം സമർപ്പിക്കാനുള്ള കാലാവധി ഒരു മാസം നീട്ടി. അവശ്യസാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങളെ മോട്ടോർവാഹന നിയമപ്രകാരം പെർമിറ്റെടുക്കുന്നതിൽ നിന്നൊഴിവാക്കി.
വെറ്ററിനറി ആശുപത്രികൾ
ലോക്ക്ഡൗൺ നിയന്ത്രണത്തിൽ നിന്ന് വെറ്ററിനറി ആശുപത്രികളെ കേന്ദ്ര ഉത്തരവ് പ്രകാരം ഒഴിവാക്കി. ക്ഷീരവികസനം, മൃഗസംരക്ഷണം എന്നിവയെയും അവശ്യസർവീസുകളാക്കി.