തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച 1.7 ലക്ഷംകോടി യുടെ ഉപജീവന പാക്കേജ് സ്വാഗതം ചെയ്യുന്നതായി സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.

ഇതുപോലൊരു പാക്കേജ്‌ നേരത്തേവേണ്ടിയിരുന്നുവെന്നാണ് കേരളംപോലുളള സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിച്ചത്. ഇപ്പോഴത്തെ പ്രഖ്യാപനം പ്രതിസന്ധിയിലായ ജനതയ്ക്ക് തെല്ലൊരു ആശ്വാസം നൽകും. പക്ഷേ, 1.7 ലക്ഷം കോടിയുടെ പകുതി മാത്രമേ കേന്ദ്ര ബ‌‌ഡ് ജറ്റിൽ നിന്ന് അധികച്ചെലവായി വരുകയുള്ളൂ എന്നാണ് പ്രാഥമിക നിഗമനം. അഞ്ചുകിലോ ധാന്യവും ഒരു കിലോ പയർ വർഗങ്ങളും കുടുംബത്തിനാണോ വ്യക്തിയ്ക്കാണോ എന്ന് വ്യക്തമല്ല. ധനമന്ത്രി 80കോടി വ്യക്തികളെക്കുറിച്ചു പറഞ്ഞപ്പോൾ സഹമന്ത്രി അനുരാഗ് താക്കൂർ എൺപതു ലക്ഷം ഗുണഭോക്താക്കളെക്കുറിച്ചാണ് പരാമർശിച്ചത്. അതുകൊണ്ട് ഉത്തരവു വരാൻ കാത്തിരിക്കണം.

ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം 20.46കോടി ജൻധൻ അക്കൗണ്ടിൽ മാസം 500 രൂപ വീതം മൂന്നു മാസം കൊടുക്കുന്നതാണ്. ഇത് തികച്ചും അപര്യാപ്തമാണ്.കേന്ദ്ര പെൻഷൻ തുക 200-300 രൂപയിൽ നിന്ന് 1000 രൂപ ആക്കണം. പ്രധാൻമന്ത്രി കൃഷിയോജനയി്ൽ അല്ലെങ്കിലും ആറായിരം രൂപയാണ് വർഷത്തിൽ നൽകുന്നത്. അതിൽ ഏപ്രിലിലെ രണ്ടായിരം രൂപം നൽകുന്നത് ഒരു അധികസഹായമല്ല. തൊഴിലുറപ്പു കൂലി 20 രൂപ വർദ്ധിക്കുന്നത് സ്വാഗതാർഹമാണ്. അഡ്വാൻസായി തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ഫെബ്രുവരിയിലെ തൊഴിലുറപ്പു കൂലി നൽകണമെന്നും ഐസക് ആവശ്യപ്പെട്ടു. .