തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ രോഗമുക്തനായി ആശുപത്രി വിട്ടു. ഈ മാസം 15നാണ് രോഗം സ്ഥിരീകരിച്ചത്. തുടർപരിശോധനാ ഫലങ്ങൾ നെഗറ്റീവായതിനെ തുടർന്ന് ഇന്നലെയാണ് മെഡിക്കൽ കാേളേജ് വിട്ടത്.
അടുത്തിടപഴകിയ ആശുപത്രിയിലെ 179 ജീവനക്കാർ നിരീക്ഷണത്തിലായിരുന്നു. ഒമ്പതുപേർക്ക് രോഗമില്ലെന്ന് കണ്ടെത്തി. പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ട 47പേരിൽ 12 പേരുടെ ഫലം വരാനുണ്ട്. ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ 44 പേരുടെ ഫലവും നെഗറ്റീവ് ആയിരുന്നു. എല്ലാവരുടെയും നിരീക്ഷണ കാലം പൂർത്തിയായി.രോഗവ്യാപനം തടയാൻ സ്വീകരിച്ച നടപടികൾ വിജയിച്ചതായി അധികൃതർ അറിയിച്ചു.
സാങ്കേതിക വിദ്യകൾ
വികസിപ്പിക്കാൻ ശ്രമം
പൂജപ്പുരയിലെ ബയോമെഡിക്കൽ ടെക്‌നോളജി വിഭാഗത്തിലും കൊറോണ പരിശോധനയ്ക്കുള്ള സംവിധാനം ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങൾക്കകം ഇവിടെ സാമ്പിളുകൾ സ്വീകരിച്ച് തുടങ്ങും.
സാമ്പിൾ വേഗത്തിൽ പരിശോധിച്ച് അറിയാനുള്ള സംവിധാനം, റെസ്‌പിറേറ്ററി സപ്പോർട്ട്, ബയോ മെറ്റീരിയലുകൾ, മോളിക്യുലാർ ബയോളജിക്കൽ സൊല്യൂഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചു.
മുഖം മറയ്ക്കാനുള്ള രണ്ട് ലളിതമായ സാങ്കേതികവിദ്യകളും രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴും മറ്റും വെന്റിലേറ്റിന്റെ സഹായമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന ആട്ടോമേറ്റഡ് റെസ്‌പിറേറ്ററി സപ്പോർട്ട് എന്നിവയുടെ സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്.
ഫോണിലൂടെ പരിശോധന
അടിയന്തിര ചികിത്സ ആവശ്യമുള്ളവരെ ശ്രീചിത്രയിൽ ഇപ്പോൾ പ്രവേശിപ്പിക്കുന്നുണ്ട്. കാർഡിയോളജി, ന്യൂറോളജി വിഭാഗങ്ങളിൽ ചികിത്സയിലുള്ളവർക്കായി ഇന്ന് മുതൽ ടെലിമെഡിസിൻ കൺസൾട്ടേഷൻ ആരംഭിക്കും. ഫോൺ: 0471 2524621 (ന്യൂറോളജി), 0471 2524533 (കാർഡിയോളജി)