vegetables-

തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗണിന്റെ ഭാഗമായി ഹാർബറുകൾ നിശ്ചലമായതോടെ ഊണിന് മീൻ കറി ശീലമാക്കിയിരുന്ന മലയാളി വലഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് മീനിന് ക്ഷാമം നേരിടുന്നു. കേരളത്തിലെ ഹാർബറുകൾ അടച്ചുപൂട്ടിയതിന് പുറമേ അതിർത്തികൾ കൂടി അടച്ചതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യവരവ് നിലച്ചതാണ് കാരണം.

സ്റ്റോക്കുണ്ടായിരുന്ന മത്സ്യം ഇന്നലെ വൻ വിലയ്ക്കാണ് ഗ്രാമ പ്രദേശങ്ങളിലുൾപ്പെടെ ചില സ്ഥലങ്ങളിൽ വിറ്റഴിച്ചത്. ചെറിയ ചൂര,​ നവര തുടങ്ങിയ മത്സ്യങ്ങൾക്ക് കിലോയ്ക്ക് 250ന് അടുത്തായിരുന്നു ഇന്നലെ വില.

അതിർത്തിയിലെ നിയന്ത്രണങ്ങളുടെ പേരിൽ പച്ചക്കറിയ്ക്കും വ്യാപാരികൾ തോന്നിയ വില ഈടാക്കാൻ തുടങ്ങിയതോടെ അരി ആഹാരം ശീലമാക്കിയ മലയാളികൾ ചോറിന് കറിവയ്ക്കാനുള്ള വിഭവങ്ങൾക്ക് കഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഇതോടെ പക്ഷിപ്പനി ഭീതികാരണം രണ്ടാഴ്ച മുമ്പ് വരെ കുറഞ്ഞിരുന്ന വില ഉയർന്നു.

ഇന്നലെ ചിക്കന് 80 രൂപയായിരുന്നു ഉൾനാടൻ പ്രദേശങ്ങളിലെ ചില്ലറ വിൽപ്പന വിലയെങ്കിൽ ഇന്ന് അഞ്ചുമുതൽ പത്ത് രൂപാവരെ കൂടി. പലയിടത്തും 90 രൂപയാണ്. പക്ഷിപ്പനി ഭീതി വിട്ടൊഴിയുകയും ലോക്ക് ഡൗൺ കടുക്കുകയും ചെയ്തതോടെ ബ്രോയിലർ ചിക്കൻ വിൽപ്പന കേന്ദ്രങ്ങൾക്ക് മുന്നിൽ കോഴിവാങ്ങാനെത്തുന്നവരുടെ തിരക്കേറി. പച്ചക്കറിയ്ക്ക് തീവിലയും മീൻ കിട്ടാനില്ലാതാവുകയും ചെയ്തതോടെ പലയിടത്തും ക്യൂ നിന്നാണ് ആളുകൾ ചിക്കൻ വാങ്ങുന്നത്.