thilothaman

തിരുവനന്തപുരം: രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യവസ്‌തുക്കളുടെ കുറവും വിതരണത്തിലെ പ്രശ്നങ്ങളും പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമൻ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. കൺസ്യൂമർ ഫെഡ് 30 കോടിയുടെ ഭക്ഷ്യ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കും. ഏപ്രിൽ 1 മുതൽ കൺസ്യൂമർ ഫെഡ് ഓൺലൈൻ വ്യാപാരത്തിലേയ്ക്കും പ്രവേശിക്കും. എല്ലാ വിൽപ്പനശാലകളിലും മൂന്ന് ആഴ്ചത്തേക്ക് സാധനങ്ങൾ കരുതലുണ്ടെന്ന് പറഞ്ഞ അദ്ദേഹം അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള സാധനങ്ങളുടെ സംഭരണം ഇരട്ടിയാക്കിയെന്നും അറിയിച്ചു.

ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് ചെക്ക് പോസ്റ്റുകളിൽ തടഞ്ഞ ലോറികളിൽ കൺസ്യൂമർ ഫെഡിന്റെ ഓർഡർ അനുസരിച്ചുള്ള സാധനങ്ങൾ എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും സഹകരണ വകുപ്പ് മന്ത്രിയോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇടപെട്ട് അയൽ സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയെന്നും പോസിറ്റീവ് തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സാധനങ്ങളുടെ വില അകാരണമായി വർദ്ധിപ്പിക്കാനുള്ള ചില വിതരണക്കാരുടെ ശ്രമം കർശനമായി നേരിടും. കഴിഞ്ഞ ദിവസങ്ങളിൽ വില കൂട്ടി സാധനങ്ങൾ വിറ്റ കടകൾ പൂട്ടിപ്പിക്കുന്ന നടപടികളിലേയ്ക്ക് ഉൾപ്പെടെ സർക്കാർ കടന്നിരുന്നുവെന്നും ഇതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ സംഭരണത്തിനോട് സഹകരിക്കാത്ത വിതരണക്കാർക്കെതിരെ നടപടി സ്വീകരിക്കും. 182 ത്രിവേണി സൂപ്പർ മാർക്കറ്റുകളും സഹകരണ സംഘങ്ങൾ മുഖേന നടത്തുന്ന 1000 നീതി സ്റ്റോറുകളും, 45 മൊബൈൽ ത്രിവേണികളും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കും. കൺസ്യൂമർഫെഡിന്റെ വിദേശമദ്യ ഷോപ്പുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ഇവിടത്തെ ജീവനക്കാരെ ത്രിവേണി സൂപ്പർ മാർക്കറ്റുകളിലേക്ക് പുനർവിന്യസിപ്പിച്ചു.

തിരുവനന്തപുരം ‚ എറണാകുളം എന്നിവിടങ്ങളിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനായി ഹോം ഡെലിവറി പദ്ധതി ആരംഭിച്ചു. തിരുവനന്തപുരത്ത് 500 കുടുംബങ്ങൾക്കും എറണാകുളത്ത് 100 കുടുംബങ്ങൾക്കും സാധനങ്ങൾ എത്തിച്ചു. മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ കൂടി പദ്ധതി വ്യാപിപ്പിക്കും. കൃഷിവകുപ്പുമായി സഹകരിച്ച് “ജീവനി സഞ്ജീവനി” ഓൺലൈൻ പഴം-പച്ചക്കറി വിതരണ പദ്ധതിക്കും തുടക്കമായിട്ടുണ്ട്.

ഹോർട്ടികോർപ്പ്, കേരഫെഡ് തുടങ്ങി സ്ഥാപനങ്ങൾ സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യപടിയായി ഹോർട്ടികോർപ്പ് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് എ.എം നീഡ്‌സ് എന്ന ഓൺലൈൻ സ്ഥാപനം മുഖേനയുള്ള വിതരണം എറണാകുളത്ത് ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

ഏപ്രിലിൽ കൃത്യ സമയത്ത് തന്നെ എല്ലാ വീടുകളിലും സൗജന്യ റേഷൻ എത്തിക്കുമെന്ന് പറഞ്ഞ അദ്ദേഹം റേഷൻ കാർഡില്ലാത്തവർക്കും റേഷൻ നൽകുക വഴി ഈ ദുരിത കാലത്ത് ആരും സമൂഹത്തിൽ നിന്ന് ഒറ്റപ്പെടരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.