തിരുവനന്തപുരം: കൊറോണയുടെ സാമൂഹ്യവ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായി ബാറുകളും ബിവറേജസ് ഔട്ട് ലറ്റുകളും അടച്ചുപൂട്ടിയതോടെ മദ്യം കിട്ടാത്തതിന്റെ വിഭ്രാന്തിയിലായവർക്കായി വിമുക്തി പദ്ധതി. മദ്യം കഴിക്കാത്തതിനാൽ കൈകാൽ വിറയലും മനോവിഭ്രാന്തിയും ആത്മഹത്യാപ്രവണതയും പ്രകടിപ്പിക്കുന്നവരെ ചികിത്സിക്കാനായി താലൂക്ക് അടിസ്ഥാനത്തിൽ വിമുക്തി ഡി അഡിക്ഷൻ സെന്ററുകൾ ആരംഭിക്കാൻ സർക്കാർ നിർദേശം നൽകി. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രികളോട് ചേർന്നാകും വിമുക്തി സെന്ററുകൾ തുടങ്ങുക.
പാലക്കാട് മലമ്പുഴ ജയിലിൽ സാനിറ്റൈസർ നിർമ്മാണത്തിനിടെ മോഷണക്കേസ് പ്രതി സാനിറ്റൈസർ കുടിച്ച് മരിക്കുകയും തൃശൂർ സ്വദേശി സനോജ് എന്ന യുവാവ് മദ്യം കിട്ടാത്തതിനാൽ തൂങ്ങി മരിക്കുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സാമൂഹ്യവിപത്തുകളൊഴിക്കാനുള്ള നടപടികൾക്ക് വിമുക്തി പദ്ധതി പ്രയോജനപ്പെടുത്താൻ സർക്കാർ ആരോഗ്യവകുപ്പിനും എക്സൈസിനും നിർദേശം നൽകിയത്. മദ്യവിൽപന പൊടുന്നനെ നിർത്തിയതോടെ സ്ഥിരം മദ്യപാനികൾ വല്ലാത്ത പ്രതിസന്ധിയിലാണ്. മദ്യപാനികളുടെ മാനസികപ്രശ്നത്തിലുപരി ശാരീരികവും സാമൂഹ്യവുമായ പ്രശ്നം കൂടിയായി മാറിയിട്ടുണ്ട്. മദ്യം കിട്ടില്ലെന്ന തോന്നൽ അവരിൽ മാനസികസമ്മർദവും ആശങ്കയും സൃഷ്ടിക്കും. ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് വിമുക്തി ഡി അഡിക്ഷൻ സെന്ററുകൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ കൊറോണ ഭീതിയ്ക്കിടെ മദ്യപൻമാരുടെ പ്രശ്നങ്ങൾ കൂടി വിലയിരുത്തിയാണ് എല്ലാ താലൂക്ക് ആശുപത്രികളിലും മദ്യം കിട്ടാത്തതിന്റെ പേരിൽ അസ്വസ്ഥത പ്രകടിപ്പിച്ചെത്തുന്നവരെ വീട്ടിലേക്ക് മടക്കി അയക്കാതെ ഡി അഡിക്ഷൻ ചികിത്സ നൽകാൻ സർക്കാർ നിർദേശിച്ചത്. മദ്യപാനികളെ ഇപ്പോഴത്തെ സാഹചര്യത്തിൽ കുടുംബാംഗങ്ങളും മറ്റും പരിഹസിക്കുന്നതൊഴിവാക്കി അവർക്കാവശ്യമായ മാനസിക പിന്തുണയും പരിചരണവും നൽകുകയും വേണ്ടിവന്നാൽ വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
മദ്യത്തിന് പകരമുള്ള വസ്തുക്കൾ തേടാനുള്ള പ്രേരണ, അമിത നെഞ്ചിടിപ്പ്, വെപ്രാളം, ഉറക്കമില്ലായ്മ, കൈകാൽ വിറയൽ, ഛർദി, തളർച്ച, അപസ്മാരം, അക്രമാസക്തി, അബോധാവസ്ഥ.
ഇത്തരം ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് ഉടൻ വൈദ്യസഹായവും ഡി അഡിക്ഷൻ ചികിത്സയും ലഭ്യമാക്കേണ്ടതാണ്..
ഗുരുതരമായി മദ്യത്തിന് അടിമകളായവർ പൊടുന്നനെ കുടി നിർത്തുമ്പോൾ ഡെലീരിയം ട്രെമൻസ് എന്ന അവസ്ഥയുണ്ടാകും. അമിതമദ്യപാനികളിൽ രണ്ടുമുതൽ അഞ്ച് ശതമാനം വരെ പേർക്ക് പെട്ടെന്ന് മദ്യം ലഭിക്കാതായാൽ, ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.
ഡോ.മോഹൻറോയ്, ആർ.എം.ഒ മെഡിക്കൽ കോളേജ്, തിരുവനന്തപുരം.
എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി പ്രകാരം സൗജന്യ ചികിത്സയ്ക്കുള്ള സൗകര്യം എല്ലാ താലൂക്ക് ആശുപത്രികളിലും സജ്ജീകരിച്ചിട്ടുണ്ട്. മദ്യപാനികളുടെ ജീവൻ രക്ഷിക്കുന്നതിനും അപകടകരമായ വസ്തുക്കൾ കുടിച്ച് ദുരന്തങ്ങൾ വരുത്തിവയ്ക്കുന്നത് ഒഴിവാക്കുന്നതിനും വിമുക്തി പദ്ധതിയുടെ ഡി അഡിക്ഷൻ ചികിത്സാ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം. സാം ക്രിസ്റ്റി ഡാനിയൽ, അഡീഷണൽ എക്സൈസ് കമ്മിഷണർ