online-food-delivery

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ ഫുഡ് ഡെലിവറിക്ക് സർക്കാരിന്റെ പച്ചക്കൊടിയുണ്ടെങ്കിലും നേരിടുന്നത് വൻ പ്രതിസന്ധി. ആവശ്യത്തിന് ഹോട്ടലുകൾ തുറക്കാതായതോടെ ആഹാരമെടുക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഓൺലൈൻ ഡെലിവറി മാറി. കുറഞ്ഞ നാളുകൾ കൊണ്ടു തന്നെ ജനങ്ങളുടെ വലിയ സ്വീകാര്യത നേടിയ ഈ രംഗം ഇതോടെ പ്രതിസന്ധിയിലായി.

ഹോട്ടലുകൾ തുറക്കാതായതോടെ യഥാസമയം ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കാൻ കഴിയാതെ ഓൺലൈൻ ഡെലിവറി ബോയ്സ് നെട്ടോട്ടത്തിലാണ്. ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയിൽ ഉൾപ്പെട്ടിരുന്ന പ്രധാന ഹോട്ടലുകൾ പലതും ലോക്ക് ഡൗണിൽ പൂർണമായും അടച്ചിട്ടതോടെയാണ് ഈ പ്രയാസം നേരിടുന്നത്. സംസ്ഥാനം ലോക്ക് ഡൗണായ ആദ്യ ദിവസം പാഴ്സലിനും ഹോം ഡെലിവറിക്കുമായി ഹോട്ടലുകൾ തുറന്നിരുന്നെങ്കിലും പതിയെ താഴിടുകയായിരുന്നു.

വാഹന, ട്രെയിൻ ഗതാഗതം നിലച്ചതോടെ വീടുകളിലേക്ക് മടങ്ങാനാകാതെ ഹോം സ്റ്റേകളിലും വാടക വീടുകളിലും ഹോസ്റ്റലുകളിലുമൊക്കെയായി കഴിയുന്നവർ നിരവധിയാണ്. സാധാരണ ഹോട്ടലുകളൊന്നും തുറക്കാതായതോടെ ഭക്ഷണം വാങ്ങുന്നതിനായി ഇവർ ഓൺലൈൻ സൗകര്യമാാണ് പ്രയോജനപ്പെടുത്തുന്നത്. അവശ്യ സർവീസിന്റെ ഭാഗമായി ഹോട്ടലുകൾ തുറക്കാമെന്നും എന്നാൽ പാർസലായി മാത്രമേ ഭക്ഷണ സാധനങ്ങൾ വിൽപന നടത്താൻ പാടുള്ളുവെന്നും സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, സ്വിഗ്ഗി, സൊമാറ്റോ ഓൺലൈൻ ഭക്ഷ്യ ശൃംഖലയുമായി ബന്ധപ്പെട്ട ഹോട്ടലുകളുടെ സഹകരണം ഉറപ്പാക്കാൻ നീക്കം നടക്കുന്നുണ്ട്. സാധാരണ വാഹന ഗതാഗതക്കുരുക്കിനിടയിലാണ് ഡെലിവറി ബോയ്സ് അതിവേഗം ഓർഡറുകൾ എത്തിച്ചിരുന്നത്. ഇപ്പോൾ അത്തരം തടസങ്ങളില്ലാത്തതിനാൽ ഹോട്ടലിൽ നിന്നും കിട്ടുന്ന മുറയ്ക്ക് പരമാവധി വേഗതയിൽ ആവശ്യക്കാർക്ക് ഭക്ഷണ പദാർത്ഥങ്ങൾ എത്തിക്കാൻ കഴിയുന്നുണ്ട്. എന്നാൽ, ഓർഡർ സ്വീകരിക്കുന്ന ഹോട്ടലുകൾ കുറവായതു മാത്രമാണ് പ്രധാന തടസമെന്ന് ഡെലിവറി ബോയ്സായി ജോലി ചെയ്യുന്നവർ പറയുന്നു. അതിനിടെ അവശ്യ ഭക്ഷ്യസാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് സൊമാറ്റോയുമായി സപ്ലൈകോ കരാർ ഉണ്ടാക്കിയിട്ടുണ്ട്. ആദ്യം എറണാകുളത്തും പിന്നെ സംസ്ഥാനത്തെ 17 കേന്ദ്രങ്ങളിലും ഇത് നടപ്പാക്കാനാണ് നീക്കം.