himalaya

കാഠ്മണ്ഡു: ട്രക്കിംഗിനെത്തിയ 100 ലേറെ സഞ്ചാരികൾ നേപ്പാളിലെ ഹിമാലയൻ പർവതനിരകളിൽ കുടുങ്ങിക്കിടക്കുന്നു. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ നേപ്പാളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് കുടുങ്ങിക്കിടന്ന 137 വിദേശികളെ അധികൃതർ ഇതിനോടകം രക്ഷിച്ചു. ഇവരെല്ലാം കാഠ്മണ്ഡുവിൽ നിരീക്ഷണത്തിലാണ്. അഞ്ചോളം ട്രക്കിംഗ് പാതകളിലായി ഏകദേശം 500 ഓളം വിദേശ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇവരെ കാഠ്മണ്ഡുവിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

വിവിധ എംബസികളുമായി ബന്ധപ്പെട്ട് ഇവരെ അതത് രാജ്യങ്ങളിലേക്ക് മടക്കിയെത്തിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ജർമൻ, ഫ്രഞ്ച് എംബസികൾ ചാർട്ടേഡ് വിമാനങ്ങൾ അയയ്ക്കാൻ തയാറാണെന്ന് അറിയിച്ചതായി നേപ്പാൾ ടൂറിസം ബോർഡ് വക്താവ് അറിയിച്ചു. സഞ്ചാരികൾക്ക് അധികൃതരെ സമീപിക്കാനായി പ്രത്യേക വെബ്സൈറ്റും തുറന്നിട്ടുണ്ട്. ഈ മാസം ആദ്യമാണ് ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്‌റ്റ് ഉൾപ്പെടെയുള്ള ഹിമാലയൻ നിരകളിലേക്ക് നേപ്പാൾ സഞ്ചാരികളെ നിരോധിച്ചത്. ഏപ്രിൽ അവസാനം വരെ എവറസ്‌റ്റിലേക്കുള്ള വഴികൾ അടച്ചിടും. ഇതുവരെ മൂന്ന് പേർക്കാണ് നേപ്പാളിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ജനുവരി 23ന് ചൈനയിലെ വുഹാനിൽ നിന്നെത്തിയ 32കാരനിലാണ് നേപ്പാളിൽ ആദ്യമായി കൊറോണ കണ്ടെത്തിയത്. ഇയാളുടെ രോഗം ഭേദമായി. ഇപ്പോൾ യു.എ.ഇയിൽ നിന്നും ഫ്രാൻസിൽ നിന്നും എത്തിയ രണ്ട് പേരാണ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.