കിളിമാനൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ലോക്ക് ഡൗൺ പാലിക്കാതെ കറങ്ങിനടക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. കൊല്ലം-തിരുവനന്തപുരം ജില്ലാ അതിർത്തിയായ വാഴോട് ചെക്കിംഗ് പോയിന്റിൽ ജില്ലാ പൊലീസ് മേധാവി ബി. അശോക് കുമാർ സന്ദർശിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സർക്കാർ ഉത്തരവ് ലംഘിച്ച് വാഹനങ്ങളിൽ കറങ്ങി നടന്ന 20 ഓളം പേർക്കെതിരേ കിളിമാനൂർ പൊലീസ് കേസെടുത്തു. 4 വാഹനങ്ങളും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പോങ്ങനാട്, കാരേറ്റ് കവലകളിൽ നിർദേശം ലംഘിച്ച് ചായക്കടകൾ പ്രവർത്തിച്ചരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ ലോക്ക് ഡൗൺ കാലാവധി തീർന്നതിന് ശേഷമേ വിട്ടുനൽകുകയുള്ളു. പള്ളിക്കൽ സ്റ്റേഷനിൽ പൊതുനിരത്തിൽ കൂട്ടംകൂടിയതിന് രണ്ട് കേസെടുത്തതായും ഒരു ബൈക്ക് കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ന​ഗരൂർ പൊലീസ് സ്റ്റേഷനിൽ 8 കേസുകൾ രജിസ്റ്റർ ചെയ്തു. 7 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കല്ലമ്പലത്ത് എട്ടു പേർക്കെതിരെ കേസെടുത്തു. നാല് വാഹനങ്ങളും പിടികൂടി. വരും ദിവസങ്ങളിൽ പരിശോധന കുടൂതൽ കർക്കശമാക്കുമെന്ന് പൊലീസ് അറിയിച്ചു.