ഇറ്റലി: ഇറ്റാലിയൻ ക്ലബ്ബ് അറ്റ്ലാന്റയുടെയും സ്പാനിഷ് ക്ലബ്ബ് വലൻസിയയുടെയും യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്റ്റേഡിയത്തിൽ കളി കാണാനെത്തിയത് 44000ത്തോളം പേർ.അതുവരെ ഇറ്റലിയിൽ കൊറോണ മരണം പൂജ്യം ആയിരുന്നു. ഇതിനുശേഷമാണ് മരണ നിരക്ക് കുതിച്ചത്. ഇറ്റലിയിലെയും സ്‌പെയിനിലെയും വൈറസ് വ്യാപനത്തിൽ അറ്റ്ലാന്റ വലൻസിയ മത്സരത്തിന്റെ പങ്കുണ്ടാവാമെന്നാണ് വിലയിരുത്തൽ. അടച്ചിട്ട സ്റ്റേഡിയത്തിൽ കളി നടത്തണമെന്ന നിർദ്ദേശം ലംഘിച്ചുകൊണ്ടായിരുന്നു മത്സരം.
മത്സരം ഒരു 'ജൈവബോംബ്' ആയിരുന്നു എന്നാണ് ബെർഗാമോ പ്രവിശ്യയിലെ മേയർ ജിയോർജിയോ ഗോറി പറഞ്ഞത്. അതോടെയാണ് രണ്ട് രാജ്യങ്ങളിലും വലിയതോതിൽ രോഗം വ്യാപിച്ചതും പിടിച്ചാൽകിട്ടാത്ത അവസ്ഥയിൽ എത്തിയതും. എന്നാൽ മത്സരം കഴിഞ്ഞ് മൂന്നാഴ്ച പിന്നിടുബോൾ മരണസംഖ്യ 3000 കടന്നു. സ്‌പെയിനിലെ മരണം ആയിരത്തോടടുത്തു. കളി നടക്കുന്നതിന് മുമ്പ് സ്പെയിനിലെ മരണം ഒന്നായിരുന്നു.
ആ മത്സരം നടന്നില്ലായിരുന്നെങ്കിലും വൈറസ് ഇത്രയും വ്യാപിക്കുമായിരുന്നു. എങ്കിലും, ലോകം പകച്ചുനിൽക്കുന്ന ഒരു സന്ദർഭത്തിൽ ആ സാഹസത്തിന് മുതിരണമായിരുന്നോ എന്നാണ് ചോദ്യം.മത്സരം നടക്കുബോൾ സ്ഥിതി ഇത്രയും ഗുരുതരമല്ലായിരുന്നു എന്ന വാദമാണ് ചിലർ മുന്നോട്ടുവയ്ക്കുന്നത്. അതുവരെ ഇറ്റലിയിൽ വൈറസ് മരണങ്ങൾ ഒന്നുമില്ലായിരുന്നു. എന്നാൽ, ഈ വാദം ശരിയെന്ന് പറയാനാവില്ല.
മത്സരത്തിന് 20 ദിവസം മുമ്പേ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വലൻസിയ ടീം സ്‌പെയിനിൽ മടങ്ങിയെത്തി. ചാമ്പ്യൻസ് ലീഗ് മത്സരം അവർ പരാജയപ്പെട്ടിരുന്നു. പക്ഷേ, യഥാർഥത്തിൽ തോൽപ്പിച്ചത് വൈറസാണ്. താരങ്ങൾക്ക് ഒന്നൊന്നായി രോഗം പിടിപെട്ടു. കളിക്കാരും പരിശീലകരും ഉൾപ്പെടെ, സംഘത്തിലെ 35 ശതമാനം പേർക്കും രോഗബാധ. ഒരു വൻടീം ഒന്നടങ്കം ഐസൊലേഷനിലായി.