1

പൂവാർ: രാജ്യം സമ്പൂർണ ലോക്ക് ഡൗണിലായതോടെ തീരദേശ മേഖല ആശങ്കയിൽ.കൊല്ലങ്കോട്,പൊഴിയൂർ, പൂവാർ, കരുംകുളം,പുതിയതുറ,പുല്ലുവിള, അടിമലത്തുറ പ്രദേശങ്ങളിലെ മത്സ്യബന്ധന തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത സാഹചര്യമാണ്.ആളുകൾ കൂട്ടംകൂടുന്നത് അനുവദിക്കാത്തതിനാൽ ചന്തകളിൽ മത്സ്യം വിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.തൊഴിലില്ലായ്മയിൽ ദുരിതത്തിലായ തീരദേശ മേഖലയ്ക്ക് സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്.സുനാമിയും ഓഖിയും സധൈര്യം നേരിട്ട കടലിന്റെ മക്കൾക്ക് കരമാർഗമെത്തിയ കൊറോണയെ ഭയക്കാതിരിക്കാൻ നിർവാഹമില്ല.ഭക്ഷ്യ സാധനങ്ങളുടെ ദൗർലഭ്യവും തീരദേശവാസികളെ വലയ്ക്കുന്നു.നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവും ആശങ്ക ഉളവാക്കുന്നു.സെൽഫ് ക്വറന്റൈനിൽ കഴിഞ്ഞിരുന്ന പലരും പുറത്തിറങ്ങി നടക്കുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുല്ലുവിള, പുതിയതുറ ഭാഗത്ത് പലരേയും ബലപ്രയോഗത്തിലൂടെ ക്വാറന്റൈൻ സെന്ററുകളിലേക്ക് മാറ്റിയിരുന്നു.പൂവാറിൽ 5 പേർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കരുംകുളം പഞ്ചായത്ത് പുല്ലുവിള ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിൽ ക്വാറന്റൈൻ സെന്ററും കമ്യൂണിറ്റി കിച്ചണും ക്രമീകരിച്ചു.എന്നാൽ പഞ്ചായത്തുകളുടെ പല പ്രഖ്യാപനങ്ങളും പൊതുജനം അവഗണിക്കുന്ന സാഹചര്യം നിലവിലുണ്ടെന്ന് ജനപ്രതിനിധികൾ പറഞ്ഞു.ഇത് മറികടക്കാൻ പ്രദേശങ്ങളിലെ ഇടവക വികാരിമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഉച്ചഭാഷണി ക്രമീകരിച്ച് സന്ദേശങ്ങൾ നൽകി തുടങ്ങിയിട്ടുണ്ട്.

പ്രത്യേക യോഗം ചേ‌ർന്നു

കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ തുടങ്ങിയ തീരദേശ പഞ്ചായത്തുകളിൽ കളക്ടറുടെയും ദുരന്തനിവാരണ അതോറിട്ടിയുടെയും നിർദ്ദേശപ്രകാരം പ്രത്യേക യോഗങ്ങൾ ചേർന്നു.ജനപ്രതിധികൾ, ആരോഗ്യ പ്രവർത്തകർ, മത പുരോഹിതർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളിൽ ക്വാറന്റൈൻ സെന്ററുകളും കമ്യൂണിറ്റി കിച്ചണും തുറക്കാൻ തീരുമാനിച്ചു. എന്നാൽ പൂവാർ, കോട്ടുകാൽ പഞ്ചായത്തുകളിൽ ഇവ നടപ്പാക്കുന്നതിൽ താമസമുണ്ടായത് പ്രതിഷേധത്തിന് ഇടയാക്കി.

നിരീക്ഷണത്തിലുള്ളത് (പഞ്ചായത്ത് തിരിച്ച്, എണ്ണം)

 കോട്ടുകാൽ 226 ( വിദേശത്തു നിന്നും വന്നവർ 129)

 കരുംകുളം 355 (വിദേശത്തു നിന്നും വന്നവർ 214)

 പൂവാർ 142 (വിദേശത്തു നിന്നും വന്നവർ 99)

 കുളത്തൂർ 358 ( വിദേശത്തു നിന്നും വന്നവർ 59)

സർക്കാർ സഹായ പ്രഖ്യാപനങ്ങൾ അടിയന്തരമായി നടപ്പാക്കിയാൽ ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങി കറങ്ങി നടക്കുന്നു എന്ന് പരാതി പറയേണ്ടി വരില്ല

(അടിമലത്തുറ ക്രിസ്തുദാസ്, തീരം ചർച്ചാ വേദി കോ ഒാർഡിനേറ്റർ).

മത്സ്യമേഖലയെ കൊറോണ മേഖലയാക്കരുത്

തിരുവനന്തപുരം: നൂറു കണക്കിനാളുകൾ കൂടുന്ന ഹാർബറുകളും ഫിഷിംഗ് സെന്ററുകളും പ്രവർത്തിക്കാൻ അനുവദിച്ചാൽ തീരമേഖലയിൽ കൊറോണ പടരുമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ പി. സ്റ്റെല്ലസ് പറഞ്ഞു. ലോക്ക് ഡൗൺ മാനിച്ച് മത്സ്യത്തൊഴിലാളികളും സംഘടനകളും മത്സ്യബന്ധനത്തിന് പോകണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.എന്നാൽ ചിലർ മത്സ്യ ബന്ധനത്തിന് പോകാൻ മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിക്കുന്നത് രോഗവ്യാപനമുണ്ടാക്കുമെന്ന് സ്റ്റെല്ലസ് പറഞ്ഞു.

ഫോട്ടോ: കൊറോണ രോഗഭീതി പരന്നതോടെ വിജനമായ പൂവാർ തീരം

.