പൂന: കൊറോണ ഭീതിയെ തുടർന്ന് ദുരിതത്തിലായ ദിവസവേതനക്കാരെ സഹായിക്കാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ എം.എസ് ധോണിയും. പൂനെയിലുള്ള ദിവസ വേതനക്കാർക്കായി ഒരു ലക്ഷം രൂപ ധോണി സംഭാവന ചെയ്തു. മുകുൾ മാധവ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിനു വേണ്ടിയാണ് ധോണിയുടെ സംഭാവന. ക്രൗഡ് ഫണ്ടിങ് വെബ്‌സൈറ്റായ കെറ്റോ വഴിയായിരുന്നു സഹായം ചെയ്തത്. ഏതാണ്ട് 12.5 ലക്ഷം രൂപ മുകുൾ മാധവ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് സ്വരൂപിച്ചിട്ടുണ്ട്. ധോണിക്ക് പിന്നാലെ ഒട്ടേറെ പേർ സംഭാവനയുമായെത്തി.

സൗരവ് ഗാംഗുലി, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ തുടങ്ങിയവരും നേരത്തെ സഹായവുമായെത്തിയിരുന്നു. ഗാംഗുലി 50 ലക്ഷം രൂപയുടെ അരി പാവങ്ങൾക്കു വേണ്ടി നൽകിയപ്പോൾ ആരോഗ്യ പ്രവർത്തകർക്കായുള്ള മാസ്‌കുകൾ പഠാൻ സഹോദരന്മാരും വിതരണം ചെയ്തു. ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖർ ധവാനും സഹായം നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണവൈറസ് ബാധിച്ച നഗരമാണ് പൂന. ഇതുവരെയായി 15 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.