തിരുവനന്തപുരം: ലോക നാടകദിനത്തോടനുബന്ധിച്ച് തൃശൂർ രംഗചേതന നാടക സമിതി അവതരിപ്പിച്ച ഞാൻ കൊറോണ വൈറസ് എന്ന ഹ്രസ്വ നാടകം ഹിറ്റാകുന്നു. കൊറോണയെന്ന മഹാമാരിയ്ക്ക് ഹേതുവായ കോവിഡ് 19 വൈറസിന്റെ രൂപത്തിൽ അരങ്ങിലെത്തുന്ന കലാകാരനാണ് രോഗത്തിന്റെ ഭീകരത അവതരിപ്പിക്കുന്നത്.
മുൾക്കിരീടം ധരിച്ച മാരക വൈറസിന്റെ രൂപത്തിൽ അരങ്ങിലെത്തി മനുഷ്യശരീരത്തിൽ പ്രവേശിപ്പിക്കുന്നത് മുതൽ ആളെ കൊന്നൊടുക്കുന്നത് വരെയുള്ള കാര്യങ്ങൾ ഏകാംഗ നാടകത്തിലൂടെ പ്രേക്ഷകരിലെത്തിക്കുന്നതാണ് മൂന്ന് മിനിട്ട് ദൈർഘ്യമുള്ള നാടകത്തിന്റെ പ്രമേയം. ഞാൻ വിശ്വപൗരനാണെന്നും ലോകത്തെവിടെ എത്താനും വിസയോ പാസ് പോർട്ടോ വേണ്ടെന്നും മനുഷ്യശരീരത്തിൽ കഴിയാനാണ് ഏറെ ഇഷ്ടമെന്നും വെളിപ്പെടുത്തുന്ന വൈറസ് മനുഷ്യരാശിയെ തുടച്ച് നീക്കുകയാണ് ലക്ഷ്യമെന്നും പറയുന്നു. ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ബ്രേക്ക് ദ ചെയിൻ കാമ്പയിൻ ഉൾപ്പെടെ വൈറസ് വ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളുടെ പ്രാധാന്യവും നാടകത്തിന്റെ സന്ദേശമായുണ്ട്. കൊറോണ പ്രതിരോധ ബോധവത്‌കരണത്തിനായി രണ്ടോ,മൂന്നോ മിനിറ്റ് ദൈർഘ്യമുളള ചെറിയ അവതരണങ്ങൾ തയാറാക്കി സോഷ്യൽ മീഡിയ വഴി ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന രംഗചേതനയുടെ ആദ്യാവതരണമാണിത്. കെ .വി ഗണേഷാണ് കൊറോണ വേഷത്തിലെത്തുന്നത്.