singapore

സിംഗപ്പൂർ: കൊറോണയെ നേരിടാനുള്ള മുൻകരുതൽ നടപടികൾ സിംഗപ്പൂരിൽ കൂടുതൽ ശക്തമാക്കി. ഒരു മീറ്റർ പരിധി മറികടന്ന് മറ്റൊരാളുടെ സമീപത്തേയ്ക്ക് ചെന്നാൽ അയാളെ ഉടൻ ജയിലിലടയ്ക്കുമെന്നാണ് പുതിയ ഉത്തരവ്.രാജ്യത്ത് പകർച്ചവ്യാധി നിയമം നടപ്പാക്കിക്കൊണ്ട് വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബാറുകളും മാളുകളും റെസ്റ്റോറൻറുകളും അടച്ചു. 10ലധികം പേർ കൂടിച്ചേരുന്നത് നിരോധിച്ചു.

പുതിയ നിയന്ത്രണങ്ങൾ പ്രകാരം മറ്റൊരാളുടെ സമീപം ഒരു മീറ്ററിൽ കുറഞ്ഞ പരിധിയിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്താൽ ശിക്ഷയ്ക്ക് വിധേയനാവും. ഉറപ്പിച്ച കസേരകളാണെങ്കിലും ഇടയ്ക്കുള്ള കസേരകൾ ഒഴിച്ചിട്ട് അകലംപാലിച്ച് വേണം ഇരിക്കാൻ. വരിനിൽക്കുമ്പോഴും ഈ അകലം പാലിച്ചിരിക്കണം. അങ്ങനെയല്ലാത്തവരെ കുറ്റവാളികളായി കരുതി ശിക്ഷാനടപടികൾക്ക് വിധേയമാക്കും.

പതിനായിരം സിങ്കപ്പൂർ ഡോളർ വരെ പിഴയോ ആറു മാസം തടവോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. ഏപ്രിൽ 30 വരെയാണ് രാജ്യത്ത് ഈ നിയമം നിലനിൽക്കുക. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ കൂടുതൽ കർക്കശ നിയമങ്ങൾ നടപ്പാക്കാൻ മടിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടു മാസമായി സിംഗപ്പൂർ സ്വീകരിക്കുന്ന നടപടികൾ ലോകത്താകമാനം അഭിനന്ദിക്കുകയാണ്.

ആദ്യഘട്ടത്തിൽ ശക്തമായ നടപടികളിലൂടെ വൈറസ് വ്യാപനം കാര്യമായി പിടിച്ചുനിർത്താൻ സിംഗപ്പൂരിന് കഴിഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുകയാണ്. ബുധനാഴ്ച 73 പുതിയ കേസുകളും വ്യാഴാഴ്ച 52 കേസുകളും സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തു. 683 പേരാണ് ഇവിടെ ആകെ കൊറോണ ബാധിതർ. രണ്ടു മരണങ്ങളുമുണ്ടായി.