super-market-

പെൻസിൽവാനിയ: അമേരിക്കയിലെ പെൻസിൽവാനിയയിൽ കടയിലെത്തിയ യുവതി മനഃപൂർവം ഭക്ഷണസാധനങ്ങൾക്കു മേൽ ചുമച്ചു തുപ്പി. ഇതിനെ തുടർന് 35,000 ഡോളറിന്റെ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കേണ്ടി വന്നു.

ഹനോവറിലെ ഗ്രെറ്റി സൂപ്പർ മാർക്കറ്റിലെത്തിയ യുവതിയാണ് ബേക്കറി, മാംസ ഉത്പന്നങ്ങൾ എന്നിവയ്ക്കു മേൽ ചുമച്ചു തുപ്പിയത്. സൂപ്പർമാർക്കറ്റിന്റെ ഉടമ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്. യുവതിയുടെ അസാധാരണ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ അവരെ ഉടൻ തന്നെ കടയ്ക്കു പുറത്താക്കി പൊലീസിനെ വിവരം അറിയിച്ചു. മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അവരെ കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു. ഇവർക്കു കൊറോണ വൈറസ് ബാധയുണ്ടോയെന്ന് വ്യക്തമായിട്ടില്ല. കൃത്യമായ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു.

യുവതി കടയിൽ പോയ വഴികളെല്ലാം കൃത്യമായി കണ്ടെത്തി അവർ ചുമച്ചു തുപ്പിയ വസ്തുക്കളെല്ലാം ഉടൻ തന്നെ നശിപ്പിച്ചു കളയാൻ തീരുമാനിച്ചു. കട അണുവിമുക്തമാക്കാനുള്ള നടപടിയും സ്വീകരിച്ചു.

കൊറോണ രൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം പ്രവൃത്തികൾ വളരെ ഗൗരവത്തോടെയാണ് അമേരിക്ക കാണുന്നത്. മനഃപൂർവം രോഗം പടർത്താൻ ശ്രമിക്കുന്നവർക്കെതിരെ ഭീകരവാദ കുറ്റം ചുമത്തുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. ഈ ആഴ്ച ആദ്യം ന്യൂജഴ്സിയിൽ ഇത്തരത്തിൽ പലചരക്കു കടയിലെത്തി ഉത്പന്നങ്ങൾക്കു മേൽ ചുമച്ചുതുപ്പിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തനിക്കു കൊറോണ ഉണ്ടെന്നു പറഞ്ഞ യുവാവിനെതിരെ ഭീകരവാദ ഭീഷണി കുറ്റമാണു ചുമത്തിയിട്ടുള്ളത്.