വാഷിംഗ്ടൺ: കൊറോണ ബാധിതരുടെ എണ്ണത്തിൽ ചൈനയെ കടത്തിവെട്ടി അമേരിക്ക. ലോകത്ത് ഏറ്റവുമധികം പേരെ കൊറോണ വൈറസ് ബാധിച്ച രാജ്യമായി മാറിയിരിക്കുകയാണ് അമേരിക്ക. 85,612 പേർക്കാണ് ഇതേ വരെ അമേരിക്കയിൽ കൊറോണ സ്ഥിരീകരിച്ചത്. ചൈനയിൽ 81,782 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 80,589 പോസിറ്റീവ് കേസുകളുമായി ഇറ്റലി മൂന്നാം സ്ഥാനത്തുണ്ട്. അതേസമയം, മരണ നിരക്കിന്റെ കാര്യത്തിൽ ഇറ്റലിയ്ക്കും ചൈനയ്ക്കും തൊട്ടുപിറകെയാണ് അമേരിക്ക.
കൊറോണയുടെ ഉത്ഭവകേന്ദ്രമായ ചൈനയിൽ 3,291 പേരാണ് മരിച്ചത്. ഇറ്റലിയിലാകട്ടെ 8,215 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അമേരിക്കയിൽ ഇതേവരെ 1,301 മരിച്ചു. ഇന്നലെ മാത്രം 200ലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എത്രയും വേഗം രാജ്യം പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്തുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കൊറോണ വൈറസ് പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 5,52,000 ടെസ്റ്റുകൾ ഇതിനോടകം തന്നെ രാജ്യത്ത് നടന്നതായി വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അറിയിച്ചു. രാജ്യത്ത് ഇത്രയധികം ടെസ്റ്റുകൾ നടന്നത് അഭിനന്ദനീയമായ കാര്യമാണെന്ന് ട്രംപ് പറഞ്ഞു. അതേ സമയം, ചൈനയിൽ നിന്നും അറിയാൻ കഴിയുന്ന വിവരങ്ങളിൽ ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഒട്ടും വൈകാതെ തന്നെ ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ്പിംഗുമായി താൻ ഫോണിൽ സംസാരിച്ച വിവരം ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. വളരെ മികച്ച സഹകരണ സംഭാഷണമായിരുന്നു നടന്നതെന്നും വൈറസിനെതിരെ ചൈനയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ട്രംപ് പറഞ്ഞു. തുടക്കം മുതൽ ചൈനയെ കുറ്റപ്പെടുത്തിയ ട്രംപ് എന്നാൽ വേഗം നിലപാട് മാറ്റി. കൊറോണയെ ട്രംപ് ലാഘവത്തോടെയാണ് നോക്കി കണ്ടതെന്നും എന്നാൽ രോഗവ്യാപനം കുത്തനെ ഉയർന്നതോടുകൂടി നിലപാട് മാറ്റുകയായിരുന്നുവെന്നും വിമർശനങ്ങളുണ്ട്.
വരുന്ന ഈസ്റ്ററിനകം വിലക്കുകൾ നീക്കം ചെയ്ത് രാജ്യം വീണ്ടും തുറക്കാൻ കഴിയുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ കൊറോണ കാട്ടുതീ പോലെ രാജ്യത്ത് പടർന്നു പിടിച്ച സാഹചര്യത്തിൽ ഇത് അസാധ്യമായിരിക്കുകയാണ്. രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം രാജ്യം എത്രയും വേഗം തുറക്കാനാണ് ട്രംപിന് തിടുക്കമെന്നും നിരീക്ഷകർ വിമർശിക്കുന്നു. വരുന്ന നാല് മാസം അമേരിക്കയ്ക്ക് ഏറെ നിർണായകമാണെന്നും ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിച്ചില്ലെങ്കിൽ 80,000ത്തിലേറെ പേർ അമേരിക്കയിൽ മരിക്കുമെന്നും മുന്നറിയിപ്പുണ്ട്.