തിരുവനന്തപുരം : കൊറോണ സംശയത്തെത്തുടർന്ന് നിരീക്ഷണത്തിലുള്ളവർ അത് ലംഘിച്ച് പുറത്തുപോകുന്നത് വലിയ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വയം രക്ഷിക്കാനും സമൂഹത്തെ രക്ഷിക്കാനുമുള്ള ശ്രമത്തിൽ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. പലയിടങ്ങളിലും ക്വാറന്റൈനിലുള്ളവർ മുങ്ങുന്നതിന്റെയും ഇതുകാരണം മറ്റുള്ളവർ രോഗഭീതിയിലാകുന്നതിന്റെയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദേശം.
‘നിരീക്ഷണത്തിൽ ഇരിക്കുന്നത് സുഖകരമായ കാര്യമല്ല. രോഗവ്യാപനത്തെ പിടിച്ചുനിർത്താൻ ഇതൊഴിവാക്കാനാവാത്ത സാമൂഹ്യ ആവശ്യമാണ്. നിരീക്ഷണമെന്നത് രോഗമുണ്ട് എന്നുറപ്പിക്കാനുള്ള ഘട്ടമായി കാണാതെ, രോഗമില്ലെന്നുറപ്പിക്കാനുള്ള ഘട്ടമാണെന്ന മനോഭാവം രൂപപ്പെടണം. നിരീക്ഷണത്തിന് വിധേയരാവുക എന്നത് തന്നോടും പ്രിയപ്പെട്ടവരോടും ലോകരോട് ആകെത്തന്നെയും ചെയ്യുന്ന മഹത്തായ കാര്യമാണെന്ന് ചിന്തിക്കുന്ന സംസ്കാരം വളർത്തിയെടുക്കണം– സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.