തിരുവനന്തപുരം:ലോക്ക് ഡൗണിനെ തുടർന്ന് മദ്യം കിട്ടാതെ ശാരീരികവും മാനസികവുമായ വൈഷമ്യം അനുഭവപ്പെടുന്നവർക്ക് ചികിത്സ ഒരുക്കി ആരോഗ്യവകുപ്പ്. മാനസികാരോഗ്യത്തിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആശ്വാസ് ക്ലിനിക്കുകൾ തുടങ്ങിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
മദ്യാസക്തി മൂലമുണ്ടാകുന്ന ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം നിസാരമല്ല. ഇതുമൂലമുണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങൾ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിക്കണം. ഇല്ലെങ്കിൽ ആത്മഹത്യയിൽപ്പോലും കൊണ്ടെത്തിക്കും.
ലഹരിമുക്ത ചികിത്സ ലഭിക്കുന്നത്
1.പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ.
2.കുടുംബാരോഗ്യ കേന്ദ്രങ്ങൾ
3. സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ
4.കൂടുതൽ ചികിത്സ ആവശ്യമെങ്കിൽ താലൂക്ക്, ജനറൽ, ജില്ലാ ആശുപത്രികളിലേക്ക് റഫർ ചെയ്യും.
5. ജില്ലകളിൽ 20 കിടക്കകൾ ഒരുക്കും.
6.നിരീക്ഷണത്തിലാണെങ്കിൽ ഐസൊലേഷനിൽ ചികിത്സിക്കും
ബോധവൽക്കരണം
ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ആശാവർക്കർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരിലൂടെ ബോധവത്ക്കരണം ആരംഭിച്ചു. സഹായത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ നമ്പരിലേക്കോ (1056, 0471 2552056) ജില്ലാ മാനസികാരോഗ്യ കേന്ദ്രം നോഡൽ ഓഫീസർമാരുടെ നമ്പരുകളിലേക്കോ വിളിക്കാം.
സാനിറ്റൈസർ കുടിച്ചാൽ
മരണംവരെ സംഭവിക്കും
സാനിറ്റൈസറിൽ അടങ്ങിയിട്ടുള്ള ഐസോ പ്രൊപ്പൈൽ ആൽക്കഹോൾ വിഷമാണ്. മദ്യത്തിന് പകരമായി ഇത് ഉപയോഗിച്ചാൽ മരണം വരെ സംഭവിക്കാം. അതിനാൽ ലഹരിക്കായി മറ്റേതെങ്കിലും മാർഗത്തിലേക്ക് തിരിയരുത്. ഈ അവസ്ഥയിൽ മറ്റൊരു ദുരന്തം ക്ഷണിച്ചു വരുത്താൻ ഇടയാകും.