africa

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ആദ്യ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വെസ്‌റ്റ് കേപിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേരാണ് മരിച്ചത്. കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ക്ഡൗണിൽ തുടരുകയാണ്. എന്നാൽ, ലോക്ക്ഡൗണിനെ വകവയ്ക്കാതെ പലരും വീടിന് പുറത്ത് കടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് തലവേദന സൃഷ്‌ടിച്ചിരിക്കുകയാണ്. അകലം പാലിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നെങ്കിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യവസ്തുക്കൾ വാങ്ങി ശേഖരിച്ച് വയ്ക്കാൻ സൂപ്പർ മാർക്കറ്റിലും മറ്റും തിരക്ക് ക്രമാതീതമായി ഉയരുന്നതും തലവേദന സൃഷ്‌ടിക്കുന്നുണ്ട്. ജനങ്ങളെ നിയന്ത്രിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടാളത്തെ ഇറക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിൽ മദ്യ വില്പന നിരോധിച്ചു.

പ്രഭാത നടത്തവും പുറത്ത് പോയി വ്യായാമം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഇതെല്ലാം ലംഘിച്ച് ആളുകൾ റോഡിലിറങ്ങിയ ചിത്രങ്ങളാണ് പ്രാദേശിക മാദ്ധ്യമങ്ങൾ നിറയെ. ജനങ്ങളുടെ എണ്ണവും ദാരിദ്ര്യവും ഒരു പോലെ കൂടുതലുള്ള ദക്ഷിണാഫ്രിക്കയിൽ സാമൂഹ്യ അകലം പ്രാവർത്തികമാക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരും. പുറത്ത് പോകരുതെന്ന് സർക്കാർ ഉത്തരവിട്ടിട്ടും ജോഹന്നാസ്ബർഗിലേക്കുള്ള പ്രധാന റോഡുകളിൽ വാഹനങ്ങൾക്ക് കുറവില്ലായിരുന്നു. ഇതിനിടെ വൈറസിനെ ഭയന്ന് ചിലർ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന കാഴ്ചയുമുണ്ടായിരുന്നു. ജനങ്ങളുടെ സഹകരണം ഉറപ്പാക്കാനായി കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് ദക്ഷിണാഫ്രിക്കൻ ഭരണകൂടം. നിയമലംഘനം നടത്തുന്നവർക്ക് ആറു മാസം ജയിൽ വാസമോ പിഴയോ ചുമത്തുമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. ജനങ്ങൾ വഴങ്ങിയില്ലെന്നുണ്ടെങ്കിൽ പട്ടാളവും കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുണ്ട്. ഇതേ വരെ 927 പേർക്കാണ് ദക്ഷിണാഫ്രിക്കയിൽ കൊറോണ സ്ഥിരീകരിച്ചത്.