ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്കിലെ പൊതു വിപണിയിൽ കളക്ടറുടെ സ്പെഷ്യൽ സ്കോഡ് പരിശോധന നടത്തി.പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനങ്ങൾ ഉള്ളി,​സവാള എന്നിവയ്ക്ക് കൂടുതൽ വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.സവാളയ്ക്ക് കിലോഗ്രാമിന് 40 രൂപയും ചെറിയ ഉള്ളിയ്ക്ക് 100 രൂപയിൽ താഴെയുമേ ഈടാക്കാവൂ എന്ന് താക്കീതു നൽകി.ആറ്റിങ്ങൽ,​ കിളിമാനൂർ,​വക്കം,​ചിറയിൻകീഴ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.വില വിവര പട്ടിക പ്രദർശിപ്പിക്കാത്തതിനും കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ വിറ്റതിനും സ്റ്റോക്ക് ബോർഡ് പ്രദർശിപ്പിക്കാത്തതിനും ലൈസൻസ് കൈവശം വയ്ക്കാത്തതിനും അമിത വില ഈടാക്കിയതിനും മറ്റുമായി 16 വ്യാപാരികൾക്കെതിരേ നടപടി സ്വീകരിച്ചു.യഥാസമയം മുദ്ര പതിപ്പിക്കാത്ത 5 ത്രാസുകളും പിടിച്ചെടുത്തു.കുപ്പിവെള്ളത്തിന് 13 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകി.ചിറയിൻകീഴ് തഹസിൽദാർ മനോജ്,​താലൂക്ക് സപ്ലൈ ഓഫീസർ ഷാജി.വി.ആർ,​ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അനിൽകുമാർ,​റേഷനിംഗ് ഇൻസ്പെക്ടർമാരായ സുലൈമാൻ,​മനുജ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.