തിരുവനന്തപുരം: ലോക്ക് ഡൗണിൽ വീട്ടിൽ കുടുങ്ങിയ മക്കളെ മെരുക്കാനുള്ള ബദ്ധപ്പാടാണ് അച്ഛനമ്മമാർക്ക്. സ്കൂളില്ല, അവധിക്കാല കോഴ്സുകളില്ല, യാത്ര പാടില്ല. ഈ സാഹചര്യത്തെ ഫലപ്രദമായി വിനിയോഗിക്കാനുള്ള നിർദ്ദേശങ്ങൾ പങ്കുവയ്‌ക്കുകയാണ് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി നായർ.
അവധിക്കാലം ഏതു സാഹചര്യത്തിൽ വന്നതാണെന്നും അതിന്റെ പ്രാധാന്യവും കുട്ടികളും മാതാപിതാക്കളും മനസ്സിലാക്കണം. എന്താണ് കൊറോണയെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം.
അവധിയെന്നു കരുതി വൈകി ഉണരുന്നതും വൈകി ഉറങ്ങുന്നതും ശീലമാക്കാൻ അനുവദിരുത്. കുട്ടികളെ രാവിലെതന്നെ ഉണർത്തി ദിനചര്യ ക്രമപ്പെടുത്തണം.
കൂടുതൽ നേരം മൊബൈൽ ഫോണിൽ കളിക്കുന്നുണ്ടാകും. കുട്ടികളുടെ മൊബൈൽ ഉപയോഗം ദിവസം ഒരു മണിക്കൂറായി ചുരുക്കണം. ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ സമയം അനുവദിക്കാം.
ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കണം. രാവിലെയോ വൈകിട്ടോ വീടിനടുത്ത് കളിക്കാനോ ഓടാനോ സൈക്കിൾ ചവിട്ടാനോ പറയണം. അച്ഛനമ്മമാർക്കും പങ്കുചേരാം.
സാധനങ്ങൾ ഭംഗിയായി അടുക്കി വയ്ക്കുക, വീട് വൃത്തിയാക്കുക, പൂന്തോട്ടം ഒരുക്കുക തുടങ്ങിയ ജോലികളിൽ അവരെക്കൂടി പങ്കാളികളാക്കുക. ഭംഗിയായി ചെയ്യുമ്പോൾ അഭിനന്ദിക്കണം.അത് കുട്ടികളിൽ ഉത്തരവാദിത്വബോധം വളർത്തും.
പത്രങ്ങളും പുസ്തകങ്ങളും വായിക്കാൻ പ്രോത്സാഹിപ്പിക്കുക. പ്രായവും അഭിരുചിയും നോക്കി പുസ്തകങ്ങൾ നൽകാം. വായിച്ച കാര്യങ്ങൾ വൈകുന്നേരങ്ങളിൽ ഒന്നിച്ചിരുന്ന് ചർച്ച ചെയ്യുക.
മക്കളുമായി സൗഹൃദസംഭാഷണത്തിന് അച്ഛനമ്മമാർ സമയം കണ്ടെത്തണം.