തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ മറവിൽ അവശ്യവസ്തുക്കൾക്ക് കൃത്രിമക്ഷാമമുണ്ടാക്കി അമിത വിലക്കയറ്റമുണ്ടാക്കുന്നെന്ന് പരാതികളുയരുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അവശ്യവസ്തുക്കളും അതിനുള്ള വാഹനയാത്രാ സൗകര്യവും അടിയന്തരമായി ലഭ്യമാക്കണം. റേഷൻകാർഡില്ലാത്തവർക്കടക്കം ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കണം.
ചില പൊലീസുദ്യോഗസ്ഥരുടെ അതിരുവിട്ട പെരുമാറ്റം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പൊലീസുദ്യോഗസ്ഥർ ജനങ്ങളോട് സമാധാനപരമായി കാര്യങ്ങളാരാഞ്ഞ് അർഹർക്ക് സഹായം ചെയ്തുകൊടുക്കണം. പുറത്തിറങ്ങാനുള്ള പാസുകൾ എല്ലാ വീടുകളിലുമെത്തിക്കണം. തദ്ദേശസ്ഥാപനങ്ങളോ റസിഡന്റ്സ് അസോസിയേഷനുകളോ വഴി ഇത് നടപ്പാക്കാം. ദേവസ്വംബോർഡ് ജീവനക്കാർക്ക് ക്ഷേത്രങ്ങളിലെ പൂജകൾക്ക് പൊലീസ് തടസം സൃഷ്ടിക്കുന്നതായി പരാതിയുയർന്നു. ബാങ്ക് വിളിക്കാൻ പോയയാളെ പൊലീസ് മർദ്ദിച്ചു.
ആരോഗ്യമേഖലയ്ക്കായി കേന്ദ്രം പ്രഖ്യാപിച്ച ഇൻഷ്വറൻസ് പദ്ധതി പൊലീസിനും മാദ്ധ്യമപ്രവർത്തകർക്കും കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് അത്യാവശ്യ ജീവനക്കാർക്കും ബാധകമാക്കണം.
പ്രളയകാലത്ത് പഞ്ചായത്തടിസ്ഥാനത്തിൽ രൂപീകരിച്ച സന്നദ്ധസേനയുണ്ടായിരിക്കെ പുതിയ സേനയുണ്ടാക്കുമെന്ന് പറയുന്നതിൽ കൺഫ്യൂഷനുണ്ട്. രാഷ്ട്രീയകക്ഷി ഭേദമെന്യേ പ്രവർത്തിക്കണമെങ്കിൽ സന്നദ്ധസേനയുടെ നോഡൽ ഏജൻസിയാരെന്നും നടത്തിപ്പ് ചുമതല ആർക്കെന്നും വ്യക്തമാക്കണം.
ബാങ്കുകളിൽ വായ്പാ തിരിച്ചടവ് മൂന്ന് മാസത്തേക്ക് വേണ്ടെന്ന് റിസർവ്വ് ബാങ്ക് ഇറക്കിയ ഉത്തരവ് സഹകരണമേഖലയിലും ബാധകമാക്കണം. പ്രവാസികൾക്ക് പാക്കേജ് വേണം. 31ന് കാലാവധി തീരുന്ന കാരുണ്യ പദ്ധതി ഒരു വർഷത്തേക്ക് നീട്ടണം. ഹീമോഫീലിയ പോലുള്ള രോഗങ്ങൾക്ക് മാസം തോറുമുള്ള മരുന്നുകളുടെ സ്റ്റോക്ക് ഈ മാസത്തോടെ തീരുകയാണ്.
സഹകരണ ബാങ്കിലെ ജപ്തിഭീഷണി മൂലം കർഷകർ ആത്മഹത്യ ചെയ്തപ്പോൾ വേവലാതിപ്പെടാത്ത മന്ത്രി കടകംപള്ളി മദ്യം കിട്ടാതായവരുടെ ദുഃഖത്തെപ്പറ്റി വേവലാതിപ്പെടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.