നെടുമങ്ങാട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഭക്ഷണം കിട്ടാതെ കഴിയുന്നവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭയിൽ ഇന്ന് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കും. നെടുമങ്ങാട് നഗരസഭ ചെയർമാന്റെ ചേമ്പറിൽ ചേർന്ന നഗരസഭാ ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഡിവൈ.എസ്.പി, താലൂക്ക് സപ്ലൈ ഓഫീസർ, സപ്ലൈകോ ഉദ്യോഗസ്ഥർ, ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ എന്നിവരുടെ അടിയന്തര യോഗമാണ് തീരുമാനമെടുത്തത്. പാചക തൊഴിലാളികൾക്കും വിതരണക്കാർക്കും ആവശ്യമായ സുരക്ഷാ മാർഗങ്ങൾ ഒരുക്കിക്കൊണ്ടാണ് നഗരസഭയിലെ 39 വാർഡുകളിലും കമ്മ്യൂണിറ്റി കിച്ചൺ സേവനം ലഭ്യമാക്കുന്നത്. വാർഡ് കൗൺസിലർമാരുടെയും ആശാ വർക്കർമാരുടെയും നേതൃത്വത്തിൽ നഗരസഭാ പ്രദേശത്ത് ഇതിനർഹരായവരുടെ പട്ടിക തയാറാക്കി. കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങൾക്കായി 41 ഓളം സന്നദ്ധ പ്രവർത്തകരും ഇതിനോടകം തയ്യാറായി. വിവിധ യുവജന സംഘടനകളോടും രാഷ്ട്രീയ പാർട്ടികളോടും കൂടുതൽ സന്നദ്ധ പ്രവർത്തകരുടെ ലിസ്റ്റ് തരാൻ നഗരസഭാ ആവശ്യപ്പെട്ടു. നഗരസഭാ കൗൺസിലർ ജെ. കൃഷ്ണകുമാർ കൺവീനറായും ജനപ്രതിനിധികളും വിവിധ വകുപ്പിലെ ജീവനക്കാരും അടങ്ങുന്ന കമ്മിറ്റിയാണ് ഈ സംരഭത്തിന് നേതൃത്വം നൽകുന്നത്.കൂടുതൽ വിവരങ്ങൾക്ക് : 9847855222, 9526377112 , 9539519585.

ആനാട് ഗ്രാമപഞ്ചായത്തിൽ ഇന്ന് മുതൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് എല്ലാവരുടെയും സഹായ സഹകരണം അഭ്യർത്ഥിച്ചു.