ഹരിപ്പാട്: ദേശീയപാതയിൽ നാരകത്തറ ജംഗ്ഷനു സമീപം കാറിടിച്ച് പത്ര സ്ഥാപനത്തിലെ ഫീൽഡ് പ്രൊമോട്ടറായ യുവാവ് മരിച്ചു. താമല്ലാക്കൽ അമ്പീത്തറയിൽ ഉത്തമന്റെയും പ്രമീളയുടെയും മകൻ മകൻ അനീഷ് ഉത്തമൻ (26) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5ന് ആയിരുന്നു അപകടം. അപകടശേഷം കടന്ന കാർ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി. ബി.ടെക് ബിരുദധാരിയായ അനീഷ് പത്രം ഏജന്റായ അച്ഛനെ സഹായിക്കാനെത്തിയതാണ്. പത്രക്കെട്ടുകൾ നാരകത്തറയിൽ നിന്നെടുത്ത് വീട്ടിലേക്കു നടന്നു വരുമ്പോഴായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്ക് അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. യുവാവ് സമീപത്തെ കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീണു. അപകടത്തിൽ കാറിന്റെ ചില്ല് പൊട്ടി. അനീഷിന്റെ ബാഗ് കാറിൽ തൂങ്ങിക്കിടക്കുന്നതറിയാതെയാണ് ഡ്രൈവർ കാറുമായി പാഞ്ഞത്. ആലപ്പുഴയിലെത്തിയ കാറിൽ ബാഗ് കണ്ട് സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തതോടെയാണ് അപകടവിവരം അറിഞ്ഞത്. സൗത്ത് പൊലീസ് വിവരം അറിയിച്ചതിനെത്തുടർന്ന് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി അനീഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരി: അനീഷ.