community-kitchen

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരുവിൽ താമസിക്കുന്നവർ, അതിഥി തൊഴിലാളികൾ, ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തവർ തുടങ്ങിയവർക്ക് ഭക്ഷണം എത്തിക്കുന്നതിനായി ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തനം ആരംഭിച്ചു. 73 പഞ്ചായത്തുകളിലും ഇതിന്റെ ഭാഗമായി ഹെൽപ്പ് ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചണുകൾ സജ്ജമാക്കിയത്. പഞ്ചായത്തുകൾ തയ്യാറാക്കിയ ലിസ്റ്റിലുള്ളവർക്ക് സൗജന്യമായും അല്ലാതെ ഓർഡർ ചെയ്യുന്നവർക്ക് 20 രൂപ നിരക്കിലുമാണ് ഭക്ഷണം നൽകുക. വീടും സ്ഥലവും അനുബന്ധ വിവരങ്ങളും നൽകിയാൽ ഭക്ഷണം വീട്ടിലെത്തിക്കാൻ യുവാക്കളുടെ സന്നദ്ധസേനയെ പഞ്ചായത്ത് അടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുണ്ട്. സാനിറ്റൈസറും മാസ്‌കും അടക്കമുള്ള മുൻകരുതലോടെയാണ് പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നത്. വിതുര ഐസറിലെ ലേബർ ക്യാമ്പിലെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണമൊരുക്കിയ ആദ്യ കിച്ചണും നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു സന്ദർശിച്ചു. ഇതുകൂടാതെ ജില്ലാ പഞ്ചായത്തിന്റെ പാഥേയം പദ്ധതിയുടെ ഭാഗമായി 6000പേർക്കും ഭക്ഷണമെത്തിക്കുന്നുണ്ട്.