kovalam

കോവളം: ലോക്ക് ഡൗണിനെ തുടർന്ന് ഭക്ഷണമില്ലാതെ വിശന്നുവലഞ്ഞ നേപ്പാൾ സ്വദേശികൾക്ക് ആശ്വാസമായി തിരുവല്ലം പൊലീസ്. കഴിഞ്ഞ ദിവസം രാവിലെ തിരുവല്ലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും സൗജന്യമായി മാസ്‌ക് വിതരണം ചെയ്യാനെത്തിയവരോട് നേപ്പാൾ സ്വദേശികൾ തങ്ങൾക്ക് ആഹാരമില്ലെന്ന് പറഞ്ഞിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് തിരുവല്ലം പൊലീസ് ഭക്ഷണവുമായെത്തിയത്. ഇനിയുള്ള ദിവസങ്ങളിൽ ഭക്ഷണമെത്തിക്കുമെന്ന് ഉറപ്പുനൽകിയ പൊലീസ് ഇവരോട് വ്യക്തി ശുചിത്വവും സാമൂഹിക അകലവും കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു. വീട്ടുടമയോട് ഇവർക്ക് കൈകൾ അണുവിമുക്തമാക്കാനുള്ള സാനിറ്റൈസറും വെള്ളവും ലഭ്യമാക്കാൻ തിരുവല്ലം എസ്.ഐ സമ്പത്ത് നിർദ്ദേശം നൽകി.

ഫോട്ടോ: തിരുവല്ലത്ത് താമസിക്കുന്ന നേപ്പാൾ സ്വദേശികൾക്ക്

തിരുവല്ലം പൊലീസ് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നു