തിരുവനന്തപുരം: സർക്കാരിന്റെയും പൊലീസിന്റെയും വിലക്കുകൾ ലംഘിച്ച് പുറത്തിറങ്ങി ഇന്നലെയും യാത്ര ചെയ്ത 82 പേർക്കെതിരെ ഇന്നലെ കേസെടുത്തു. ഫ്ളാറ്റുകളിൽ പൊലീസ് നിർദ്ദേശപ്രകാരം സജ്ജമാക്കിയ രജിസ്റ്ററിൽ പേരെഴുതാൻ വിസമ്മതിച്ച രണ്ടു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നഗരത്തിൽ ഇന്നലെ വൈകിട്ട് 5 വരെ 85 പേർ അറസ്റ്റിലായി. ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് തിരുവല്ലം, പൂജപ്പുര, നേമം സ്‌റ്റേഷനുകളിലാണ്. 68 വാഹനങ്ങൾ പിടിച്ചെടുത്തു. 63 ഇരുചക്ര വാഹനങ്ങളും 3 ആട്ടോറിക്ഷകളും 2 കാറുകളുമാണ് പിടിച്ചെടുത്തത്. ഈ വാഹനങ്ങൾ 21 ദിവസം കഴിഞ്ഞേ വിട്ടുനൽകൂ.
തലസ്ഥാനത്ത് എല്ലാ ഫ്ളാറ്റുകളിലും അപ്പാർട്ട്‌മെന്റുകളിലും താമസക്കാർ പുറത്തു പോകുന്നതിനും തിരികെ വരുന്നതിനും രജിസ്റ്റർ സൂക്ഷിക്കാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പുറത്തു പോയ വിവരം എഴുതാൻ വിസമ്മതിച്ച ഫ്ളാറ്റിലെ രണ്ടു താമസക്കാർക്കെതിരെ പേരൂർക്കട, മ്യൂസിയം സ്‌റ്റേഷനുകളിൽ കേസെടുത്തു. വരും ദിവസങ്ങളിലും ഫ്ളാറ്റുകളിൽ പരിശോധന തുടരുമെന്നും പൊലീസ് നിർദ്ദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ പുറത്ത് പോയ വിഴിഞ്ഞം സ്വദേശിയെ തിരുവല്ലം പാലത്തിനു സമീപം വച്ച് കൺട്രോൾ റൂം വാഹനം പിടികൂടി. ഇയാൾക്കെതിരെ പൂന്തുറ സ്‌റ്റേഷനിൽ കേസെടുത്ത ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീട്ടിൽ നിരീക്ഷണത്തിലായിരുന്ന വട്ടിയൂർകാവ് സ്വദേശിയെ മെഡിക്കൽ കോളേജ് പരിസരത്ത് കറങ്ങി നടന്നതിന് അറസ്റ്റ് ചെയ്തു. വീടിനു സമീപത്ത് ലഭിക്കാവുന്ന അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി ദൂരസ്ഥലങ്ങളിലേക്ക് പോകാൻ ശ്രമിച്ച ആളുകളെ പൊലീസ് നിർബന്ധപൂർവം തിരിച്ചയച്ചു.
വീടിനു സമീപത്തുള്ള കടകളിൽ പോകാനേ പൊലീസ് അനുവദിക്കൂ
കടകളിൽ തിരക്ക് കൂട്ടാതെ നിശ്ചിത അകലം പാലിച്ചു നിൽക്കണം
തിരക്കുള്ള കടകളിൽ ടോക്കൺ സിസ്റ്റം ഏർപ്പെടുത്തണം
പൂർണ ഉത്തരവാദിത്വം കടയുടമകൾക്കായിരിക്കും
സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാർക്ക് സ്ഥാപനങ്ങളിൽ താമസസൗകര്യം ഒരുക്കണം