ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ
34 പേരും കാസർകോട്ട്, ജില്ലയിൽ കൂടുതൽ ക്രമീകരണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്തെ കൂടുതൽ ആശങ്കയിലാഴ്‌ത്തി എല്ലാ ജില്ലകളിലും കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 39 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ഇത്രയധികം പേർക്ക് ഒരു ദിവസം വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആദ്യമാണ്.
കാസർകോട് 34 പേർക്കും കണ്ണൂരിൽ രണ്ട് പേർക്കും കൊല്ലം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് ദുബായിൽ നിന്നെത്തിയ ആൾക്ക് കൊറോണ കണ്ടെത്തിയതോടെയാണ് 14ജില്ലകളിലും വൈറസ് വ്യാപനമായത്.
39 പേരിൽ 25പേരും വിദേശത്ത് നിന്നെത്തിയതാണ്. 13പേർ രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകിയവരുമാണ്. ഒരാളുടെ വിവരശേഖരണം പൂർത്തിയായിട്ടില്ല.
ഇതോടെ സംസ്ഥാനത്ത് 164 പേരാണ് ചികിത്സയിലുള്ളത്. 1,10,229 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,09,683 പേർ വീടുകളിലും 616 പേർ ആശുപത്രികളിലുമാണ്. 5679 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 4448 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്.
#കാസർകോട്ട് ആശങ്ക
കാസർകോട് ജില്ലയിൽ ഇന്നലെ 34 പേർക്ക് രോഗം സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കയുണ്ടാക്കിയതോടെ ജില്ലയിൽ കൂടുതൽ ക്രമീകരണങ്ങൾ വരുത്താനും തീരുമാനിച്ചു. തൊട്ടടുത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജിനെ കൊറോണ ആശുപത്രിയാക്കി മാറ്റി. 200 കിടക്കകളും 40 ഐ.സി.യു കിടക്കകളും 15 വെൻറിലേറ്ററുകളും ഒരുക്കിയിട്ടുണ്ട്. കാസർകോട് മെഡിക്കൽ കോളേജിനെയും ഇത്തരത്തിൽ മാറ്റുകയാണ്. കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റിയെ കൊറോണയുടെ പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റി. വിപുലമായ ടെസ്റ്റിംഗ് സംവിധാനം ഇവിടെയുണ്ട്. ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചാലുടൻ ഇത് ആരംഭിക്കും.
കാസർകോട്ട് നിന്ന് ദിവസേന മംഗലാപുരത്തെ ആശുപത്രികളിൽ പോയി ഡയാലിസിസ് നടത്തുന്നവരുണ്ട്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർക്ക് കർണാടകത്തിലേക്ക് പോകാനാവുന്നില്ല. ഇവരെയെല്ലാം ഉൾക്കൊള്ളാനുള്ള ശേഷി കണ്ണൂർ ജില്ലയ്ക്കില്ല. അതിനാൽ കർണാടക സർക്കാരുമായി ഇക്കാര്യം സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.