തിരുവനന്തപുരം:ജനങ്ങളുടെ ആശങ്കകൾക്കും പരാതികൾക്കും പരിഹാരമേകാൻ ജാഗ്രതയോടെ കളക്ടറേറ്റിലെ കൊറോണ കാൾ സെന്റർ. ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിലാണ് 24 മണിക്കൂറും കാൾസെന്റർ പ്രവർത്തിക്കുന്നത്. രോഗാശങ്ക, ക്വാറന്റൈൻ, നിരീക്ഷണം, കൗൺസലിംഗ്, നിരീക്ഷണത്തിൽ പുറത്തിറങ്ങി നടക്കുന്നവരെക്കുറിച്ചുള്ള പരാതി തുടങ്ങിയവയ്‌ക്കെല്ലാം 1077 എന്ന നമ്പരിൽ പൊതുജനങ്ങൾക്ക് കാൾസെന്ററിലേക്ക് വിളിക്കാം. ദിവസേന 450 ലധികം കാളുകളാണ് ഇവിടെ ലഭിക്കുന്നത്. ഫെബ്രുവരി നാലിനാണ് കാൾ സെന്റർ പ്രവർത്തനമാരംഭിച്ചത്. മൂന്ന് ഷിഫ്റ്റുകളിലായാണ് ഇതിന്റെ പ്രവർത്തനം. ഡോക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് സെന്റർ ട്രെയിനീസ് എന്നിവരടങ്ങുന്ന സംഘമാണ് സേവനമൊരുക്കുന്നത്. കൂടാതെ പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, റവന്യൂ, മോട്ടോർ വാഹന വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. ഡെപ്യൂട്ടി കളക്ടർ അനു എസ്.നായരുടെ മേൽനോട്ടത്തിലാണ് കാൾ സെന്ററിന്റെ പ്രവർത്തനം.