തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ ഭാര്യയെ ജോലി സ്ഥലത്തെത്തിച്ച് തിരികെ വരുമ്പോൾ കാർ യാത്രികനെ മർദ്ദിച്ച ശ്രീകാര്യം സി.ഐ അഭിലാഷ് ഡേവിഡിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. എസ്.പി ഷാനവാസിനാണ് അന്വേഷണ ചുമതല. ലോക്ക്ഡൗൺ സമയത്ത് സത്യവാങ്മൂലം കൈവശം വച്ചില്ലെന്ന് ആരോപിച്ചായിരുന്നു സി.ഐയുടെ മർദ്ദനം. സ്വകാര്യ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ അർച്ചനയെ ആശുപത്രിയിലാക്കി തിരികെ പൗഡിക്കോണത്തെ വീട്ടിലേക്ക് കാറിൽ മടങ്ങി വരവേ, ഭർത്താവ് ആദർശിനെ ശ്രീകാര്യം സ്റ്റേഷന് മുന്നിൽ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം കാട്ടിയ സത്യവാങ്മൂലം കാണിച്ചപ്പോൾ തിരിച്ചുപോയ പൊലീസുകാരൻ സി ഐയും കൂടുതൽ പൊലീസുമായി വീണ്ടും കാറിനടുത്തെത്തി, 'നീ കാറിൽ നിന്നിറിങ്ങില്ലേ* എന്നാക്രോശിച്ച് സി.ഐ അസഭ്യം പറയുകയും അറസ്​റ്റുചെയ്ത് സ്​റ്റേഷൻ ലോക്കപ്പിൽ മർദിക്കുകയും ചെയ്തെന്നാണ് പരാതി. ഭാര്യയ്ക്ക് എന്തെങ്കിലും അസുഖമുണ്ടായാൽ ഭർത്താവായ തനിക്കും ഉണ്ടായേക്കാമെന്നും മ​റ്റൊരാളിന് പകരാൻ ഇടയാകാതിരിക്കാനാണ് കാറിൽ നിന്നിറങ്ങാതെ സത്യവാങ്മൂലം കാട്ടിയതെന്നും ആദർശ് പറഞ്ഞിട്ടും സി.ഐ ചെവിക്കൊണ്ടില്ല. 'നിന്റെ ഭാര്യയ്ക്ക് വണ്ടിയോടിച്ചാൽ വല്ലതും സംഭവിക്കുമോ' തുടങ്ങിയ അനാവശ്യ പദപ്രയോഗങ്ങളും സി.ഐ നടത്തിയെന്നും പരാതിയിലുണ്ട്. വിവരമറിഞ്ഞ ഡോക്ടർ ഐ.എം.എ പ്രതിനിധികളെയും കൂട്ടി വന്നാണ് ആദർശിനെ ജാമ്യത്തിൽ ഇറക്കിയത്. ആരോഗ്യ വകുപ്പ് ജീവനക്കാരെയും സി.ഐ അസഭ്യം പറഞ്ഞതായി പരാതിയുണ്ട്. പരിശോധനയ്ക്കിടെ പൊലീസുകാർ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ മുന്നറിയിപ്പ് നൽകി. ഇന്നലെ എസ്‌.പിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലും ബെഹ്റ ഇക്കാര്യം ചൂണ്ടിക്കാട്ടി.