വിഴിഞ്ഞം: കൊറോണ വ്യാപനം തടയാൻ കടൽനിരീക്ഷണവും ശക്തമാക്കി അധികൃതർ. കാസർകോട്, കോഴിക്കോട് ജില്ലകളിൽ മത്സ്യബന്ധനത്തിന് പോയി വിഴിഞ്ഞത്ത് മടങ്ങിയെത്തിയ ഒൻപത് മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞം തീരദേശ പൊലീസ് പിടികൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തമിഴ്നാട്ടിലേക്ക് പോയ ബോട്ടിൽ നിന്ന് ചാടി നീന്തി കരയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെയും പിടികൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിഴിഞ്ഞം, അടിമലത്തുറ, മുക്കോല സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് ഇന്നലെ മൂന്ന് ബോട്ടുകളിലായി തിരിച്ചെത്തിയത്. കാസർകോട് നീലേശ്വരത്ത് നിന്ന് ഉൾക്കടൽ മത്സ്യന്ധനത്തിന് പോയ റിച്ചാർഡ് (42), സിൽവദാസൻ (51), ആന്റണി (57), മര്യദാസൻ (61), ബാബു (42) എന്നിവരെയും കോഴിക്കോട് ബേപ്പൂരിൽ പോയി വന്ന ഭാസ്കൽ (58), ഫാൽട്ടൺ (41), ഡെന്നീസൺ (50), ഡേവിഡ്സൺ (55) എന്നിവരെയുമാണ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. രണ്ടാഴ്ച മുൻപ് ട്രെയിനിൽ കാസർകോട്ടും കോഴിക്കോട്ടും എത്തിയ സംഘം ലോക്ക‌്ഡൗൺ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങുകയായിരുന്നു. തുടർന്നാണ് ബോട്ടുകളിൽ വിഴിഞ്ഞത്ത് തിരിച്ചെത്തിയത്. വിഴിഞ്ഞം തുറമുഖത്ത് പൊലീസ്‌ കാവൽ ഏർപ്പെടുത്തിയതായും കടൽ നിരീക്ഷണം ശക്തമാക്കിയതായും തീരദേശപൊലീസ് പറഞ്ഞു.