കഴക്കൂട്ടം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കഠിനംകുളം ഗ്രാമപഞ്ചായത്തിൽ സമൂഹ അടുക്കള പ്രവർത്തന സജ്ജമായി. ആദ്യഘട്ടത്തിൽ ആറ് വാർഡുകളിലെ 150 പേർക്ക് പ്രഭാതഭക്ഷണവും ഉച്ചയൂണും തയ്യാറാക്കി വീടുകളിൽ എത്തിച്ചു. മേനംകുളം, ചാന്നാങ്കര എന്നിവിടങ്ങളിലെ എൽ.പി.എസ് സ്‌കൂളുകളിലാണ് അടുക്കള സജ്ജമാക്കിയത്. കുടുംബശ്രീ പ്രവർത്തകരും യുവജന സംഘടനാ പ്രവർത്തകരും ചേർന്നാണ് വീടുകളിൽ ഒ​റ്റപ്പെട്ട് കഴിയുന്നവർക്ക് ഭക്ഷണം പാകം ചെയ്ത് വീടുകളിൽ എത്തിച്ചത്. വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സഹായം ആവശ്യമായ കൂടുതൽ പേരുടെ പട്ടിക തയ്യാറാക്കിയതനുസരിച്ച് വരും ദിവസങ്ങളിൽ അഞ്ഞൂറിലധികം വീടുകളിൽ ഭക്ഷണം എത്തിക്കുമെന്നും ഇതിനായി സെന്റ് വിൻസെന്റ് ഹൈസ്‌കൂൾ, ചാന്നാങ്കര എൽ.പി.എസ്, സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ സമൂഹ അടുക്കള സജ്ജമായതായും പഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്സ് അറിയിച്ചു.