തിരുവനന്തപുരം:നഗരസഭയുടെ മൂന്നാമത്തെ കമ്മ്യൂണിറ്റി കിച്ചൺ ഉള്ളൂർ ഗസ്റ്റ് ഹൗസിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേയർ കെ.ശ്രീകുമാർ, വി,കെ. പ്രശാന്ത് എം.എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ആനാവൂർ നാഗപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഐ.പി. ബിനു, എസ്.എസ്.സിന്ധു എന്നിവർ പങ്കെടുത്തു. കുടുംബശ്രീയുമായി സഹകരിച്ചുള്ള നഗരസഭയുടെ രണ്ടാമത്തെ കമ്മ്യൂണിറ്റി കിച്ചാണാണിത്. തൈക്കാട് മോഡൽ എൽ.പി സ്‌കൂളിൽ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ ഇന്നലെ ആരംഭിച്ചിരുന്നു. കാറ്ററിംഗ് അസോസിയേഷനുമായി സഹകരിച്ചുകൊണ്ട് ഇന്ന് വള്ളക്കടവ്,നന്ദൻകോട് എന്നിവിടങ്ങളിൽ രണ്ട് കമ്മ്യൂണിറ്റി കിച്ചണുകൾ കൂടി ആരംഭിക്കും.
കമ്മ്യൂണിറ്റി കിച്ചണുകളിൽ പാചകം ചെയ്യുന്ന ഭക്ഷണം നഗരസഭയുടെ സർക്കിൾ ഓഫീസുകളിലെത്തിച്ച് വാർഡ് തലത്തിൽ സജ്ജമാക്കിയിട്ടുള്ള വോളന്റിയർമാർ വഴിയാണ് വിതരണം ചെയ്യുന്നത്. കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച വ്യാഴാഴ്ച രാത്രി തന്നെ 1,110 പേർക്ക് ഭക്ഷണം വിതരണം ചെയ്തതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു.
ഭക്ഷണം ആവശ്യമുള്ളവർക്ക് നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം എന്ന മൊബൈൽ ആപ്പിലോ covid 19 എന്ന ലിങ്കിലോ www.covid19tvm.com എന്ന വെബ് പേജ് വഴിയോ രജിസ്റ്റർ ചെയ്യുകയോ 9496434448, 9496434449, 9496434450 എന്നീ നമ്പരുകളിൽ വിളിക്കുകയോ ചെയ്യാം.