തിരുവനന്തപുരം: ലോക്ക് ഡൗൺ അവസാനിക്കുന്നത് വരെ നഗരത്തിലെ ഫ്ളാ​റ്റുകളിൽ സെക്യൂരി​റ്റി ജീവനക്കാരെ അവിടെത്തന്നെ താമസിപ്പിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് തിരുവനന്തപുരം സി​റ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞു. ഫ്ളാ​റ്റുകളിൽ എട്ട് മണിക്കൂർ ഷിഫ്‌ടുകളിലായി 3 സെക്യൂരി​റ്റി ജീവനക്കാർ വീതമാണുള്ളത്. ഇവർ ദിവസവും ജോലി കഴിഞ്ഞ് വീടുകളിൽ പോയി വരികയാണ്.ഈ സംവിധാനം അനുവദിക്കില്ല. സെക്യൂരി​റ്റി ജീവനക്കാർക്കൊപ്പം ഫ്ളാ​റ്റുകളിലെ ക്ളിനിംഗ് ജീവനക്കാരേയും താമസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയും ജനം വാഹനങ്ങളുമായി റോഡിലിറങ്ങി. എന്നാൽ, കഴിഞ്ഞ ദിവസങ്ങളേക്കാൾ കുറവുണ്ടായി.

കരിഞ്ചന്തയും പൂഴ്‌ത്തിവയ്പ്പും തടയാനും പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. മൊത്ത, ചില്ലറ വ്യാപാരികളുടെ ഗോഡൗണുകളിൽ സി​റ്റി പൊലീസ് പരിശോധന നടത്തി സൂക്ഷിച്ചിരുന്ന അവശ്യ സാധനങ്ങൾ പിടിച്ചെടുത്തു. ജനക്കൂട്ടത്തെ നിയന്ത്റിക്കാതെ തുറന്ന് വച്ചിരിക്കുന്ന അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ പൂട്ടിക്കും. കട അടച്ചിട്ട് പിൻവാതിലിലൂടെ വില്പന നടത്താൻ അനുവദിക്കില്ല. ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ ദിവസവും ബന്ധപ്പെട്ട് അവർക്ക് സഹായങ്ങൾ എത്തിക്കാനുള്ള നടപടിയും പൊലീസ് സ്വീകരിക്കുന്നുണ്ട്. ഒ​റ്റയ്ക്ക് കഴിയുന്ന രോഗികൾക്കോ മുതിർപൗരന്മാർക്കോ, 112ൽ ബന്ധപ്പെട്ട് പൊലീസ് സഹായത്തിന് ആവശ്യപ്പെടാം.