തിരുവനന്തപുരം:കൊറോണ നിരീക്ഷണത്തിൽ നിന്ന് ചാടിപ്പോകുന്നത് തടയാൻ ജിയോ ഫെൻസിംഗ് സംവിധാനം നിലവിൽ വരും. ഇന്നലെ കളക്ടറേറ്റിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണിത് ചർച്ചയായത്. ജില്ലയിലെ വിവിധ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് പലരും ചാടിപ്പോകുന്നത് പ്രതിരോധവിഭാഗത്തിന് തലവേദനയാണ്. ഇവർക്ക് അസുഖമുണ്ടെങ്കിൽ പകരാനുള്ള സാദ്ധ്യതയേറെയാണ്. ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചതും പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും നടപടികൾ കർശനമാക്കിയതും രോഗവ്യാപനം പിടിച്ചുനിറുത്താൻ സഹായകരമായിട്ടുണ്ട്. ഇതുവരെ അഞ്ച് പേർക്ക് മാത്രമാണ് രോഗബാധയുണ്ടായത്.അതിൽ രണ്ടുപേർ രോഗവിമുക്തരായി.കൂടുതൽ പേരിലേക്ക് പകരാതിരിക്കാനുള്ള നടപടികളാണ് അധികൃതർ എടുക്കുന്നത്.
ജിയോഫെൻസിംഗ്
രോഗിയുടെ മൊബൈൽ ഫോണോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണമോ ഒരു പ്രത്യേക സോഫ്ട്‌വെയർ ഉള്ള കമ്പ്യൂട്ടറിലേക്ക് ബന്ധിപ്പിച്ചാണിത് സാദ്ധ്യമാക്കുന്നത്. രോഗി ഒരു നിശ്ചിത ദൂരപരിധിക്ക് അപ്പുറത്തേക്ക് സഞ്ചരിച്ചാൽ ഉടൻ അധികൃതർക്ക് മൊബൈൽ ഫോണിലും കമ്പ്യൂട്ടറുകളിലും സന്ദേശവും മുന്നറിയിപ്പുമെത്തും. ഇതിലൂടെ നിരീക്ഷണത്തിലുള്ളയാൾ മുറിക്ക് പുറത്തിറങ്ങിയാൽ പോലും അറിയാനാകും.