കുവൈറ്റ് സിറ്റി: കുവൈറ്റിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 17 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 225 ആയി. 168 പേരാണ് ചികിത്സയിലുള്ളത്. 57 പേർ രോഗമുക്തി നേടി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാരെ കൂടാതെ 11 പേർ കുവൈറ്റ് പൗരന്മാരാണ്. ഒരു സോമാലിയൻകാരൻ, ഒരു ഇറാക്കുകാരൻ, ഒരു ബംഗ്ലാദേശുകാരൻ എന്നിവരാണ് മറ്റുള്ളവർ.
ഇന്ത്യക്കാർ, ബംഗ്ലാദേശി എന്നിവർക്ക് എങ്ങനെയാണ് രോഗം പകർന്നതെന്ന് കണ്ടെത്തിയിട്ടില്ല. ഇതോടെ കുവൈറ്റിൽ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി. കുവൈറ്റിൽ ഏപ്രിൽ ഒന്നു മുതൽ 30 വരെ പൊതുമാപ്പും പ്രഖ്യാപിച്ചു. അതേസമയം പൊതുമാപ്പ് പ്രഖ്യാപിച്ച് പരമാവധി വിദേശികളെ നാട്ടിലയക്കാൻ സർക്കാർ തീരുമാനിച്ചു.
കുവൈറ്റിൽ താമസ നിയമ ലംഘകരായ മുഴുവൻ പേർക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യത്ത് നിന്നും തിരിച്ചു പോകാം. ഇവർക്ക് പിന്നീട് പുതിയ വിസയിൽ തിരിച്ചു വരാനും അനുമതി നൽകുന്നുണ്ട്. അനുവദിച്ച സമയപരിധിക്കുള്ളിൽ രാജ്യം വിടാത്തവർക്കെതിരെ ശക്തമായ നടപടിയും ഉണ്ടാകും.