kerala

തിരുവനന്തപുരം: കൊറോണ ഭീതി വിടാതെ പിൻതുടരുന്നതിനാൽ അത് പരീക്ഷകളെയും അടുത്ത അദ്ധ്യായന വർഷത്തേയും പ്രതികൂലമായി ബാധിക്കും. എസ്.എസ്.എൽ.സിയുടെയും പ്ളസ് ടുവിന്റെയും ബാക്കി പരീക്ഷകൾ ഇനിയും നടക്കേണ്ടതുണ്ട്. അത് എന്ന് നടത്താനാവുമെന്ന് ഉറപ്പില്ല. കുട്ടികളാകട്ടെ ആശങ്കയിലും. പഠിച്ചതെല്ലാം വീണ്ടും പഠിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും വീട്ടിലുള്ളപ്പോൾ പഠിത്തത്തിന് അവധി നൽകാതെ അവർ പഠനത്തിന്റെ വഴിയിലാണ്.

പുതിയ പരീക്ഷകൾ നടത്തുന്നതിനെപ്പറ്റി ഏപ്രിൽ 15 കഴിഞ്ഞേ തീരുമാനമുണ്ടാവുകയുള്ളൂ. അതിനുശേഷം പരീക്ഷകളുടെ തീയതി നിശ്ചയിച്ച് പൂർണ്ണമായും നടത്തിയിട്ട് വേണം മൂല്യനിർണ്ണയത്തിലേക്ക് കടക്കാൻ. അതിന് മാസങ്ങളെടുക്കുമെന്നാണ് അറിയുന്നത്. എൻട്രൻസ് പരീക്ഷകളെയും അടുത്ത അദ്ധ്യായന വർഷത്തിലെ ക്ളാസ് തുടങ്ങുന്നതുമെല്ലാം വൈകും.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും (സാങ്കേതിക സർവകലാശാല ഉൾപ്പെടെ) പരീക്ഷകളും ക്യാമ്പ് മുഖേനയുള്ള മൂല്യനിർണയ പ്രവർത്തനങ്ങളും മാറ്റിവച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. മാർച്ച് 21 മുതലുള്ള 31 വരെ പരീക്ഷകൾ മാറ്റിവച്ച് നേരത്തെ ഉത്തരവിറങ്ങിയിരുന്നു.