co

തി​രുവനന്തപുരം: കേരളത്തി​ൽ കൊറോണമൂലമുള്ള ആദ്യമരണം കൊച്ചി​യി​ൽ. കളമശേരി​ മെഡി​ക്കൽകോളേജി​ൽ ചി​കി​ത്സയി​ലായി​രുന്ന എറണാകുളം ചുള്ളി​ക്കൽ​ സ്വദേശി​യായ അറുപത്തൊമ്പതുകാരനാണ് ഇന്നുരാവിലെ എട്ടുമണിയോടെ മരിച്ചത്.മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ദുബായിലായിരുന്ന ഇയാൾ ഇൗ മാസം പതിനാറിനാണ് നാട്ടിലെത്തിയത്. ചെറിയ പനിയെത്തുടർന്ന് ആശുപത്രിയെത്തിയപ്പോൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. നീരീക്ഷണത്തിൽ കഴിയവെ പനി കടുത്തതോടെ ഇരുപത്തിരണ്ടിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് നേരത്തേ രക്ത സമ്മർദ്ദവും കടുത്ത ഹൃദ്‌രോഗബാധയുമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ ശ്വാസകോശരാേഗംകൂടി ബാധിച്ചതോടെ അവസ്ഥ കൂടുതൽ വഷളാവുകയും വെന്റിലേറ്ററിലാക്കുകയും ചെയ്തു. എന്നാൽ ഇന്നുരാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

ഇയാളുടെ ഭാര്യയും വിമാനത്താവളത്തിൽ നിന്ന് വീട്ടിലെത്തിച്ച ടാക്സി ഡ്രൈവറും ചികിത്സയിലാണ്. ഡ്രൈവറുമായി ബന്ധപ്പെട്ട അറുപത്തിനാലുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചയാൾ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്. മരിച്ചയാൾ താമസിച്ചിരുന്ന വീട് കഴിഞ്ഞദിവസം അധികൃതർ അണുവിമുക്തമാക്കിയിരുന്നു. ഇൗ ഫ്ളാറ്റ് സമുച്ചയത്തിലുള്ളവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

മരണാനന്തര ചടങ്ങുകൾക്ക് കർശന നിയന്ത്രണത്തിനുള്ള നിർദ്ദേശം നൽകിയാണ് മൃതദേഹം വിട്ടുകൊടുത്തിട്ടുള്ളത്. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മാത്രമെ സംസ്കാര ചടങ്ങുകൾ നടത്താനാകു.