തിരുവനന്തപുരം: കൊറോണക്കാലത്തെ ലോക്ക് ഡൗണിലും വിശ്രമമില്ലാതെ വാവാ സുരേഷ്. ലോക്ക് ഡൗണായതുകൊണ്ടു പക്ഷേ അത്യാവശ്യത്തിനുള്ള പാമ്പുപിടിത്തമേ ഇപ്പോഴുള്ളൂ. ഹോട്ടലുകളും മറ്റുമില്ലാത്തതുകാരണം ആഹാരത്തിന് നന്നേ ബുദ്ധിമുട്ടുന്നുണ്ട്. സുഹൃത്തുക്കൾ പൊതിഞ്ഞു തരുന്ന ഭക്ഷണമാണ് ആശ്രയം.പാമ്പ് പിടിക്കാൻ നേരത്തേയുള്ളതിനെക്കാൾ കാളുകൾ ഇപ്പോൾ വരുന്നുണ്ട്. എല്ലാവരും വീട്ടിലുള്ള സമയമാണിത്. അതുകൊണ്ടാകാം കാളുകളുടെ എണ്ണം കൂടുന്നത് . പാമ്പിനെക്കാൾ ഭയാനകമാണ് വൈറസ്. പാമ്പ് ഇഴഞ്ഞു പൊയ്ക്കോളും. വൈറസ് പക്ഷേ അങ്ങനയല്ലല്ലോ. കോട്ടയം ജില്ലയിൽനിന്നാണ് ഏറ്റവുമൊടുവിൽ പാമ്പിനെ പിടിച്ചത്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. കൊറോണക്കാലത്ത് ഇതുവരെ പിടിയിലായത് കൂടുതലും മൂർഖനും അണലിയും. രാജവെമ്പാലകളെയും പിടിച്ചു . ലോക്ക് ഡൗൺ മൂലം ആളുകൾ വീട്ടിലുള്ളതിനാൽ പാമ്പുകളെ കൂടുതൽ കാണുന്നുണ്ട് . ചൂടുകാലത്ത് പാമ്പുകൾ മാളത്തിനു പുറത്തിറങ്ങുന്നത് കൂടുതലാണെന്ന് വാവ സുരേഷ് പറയുന്നു.