corona-

കൊറോണ വ്യാപനം തടയാനുള്ള ഒരേയൊരു പോംവഴി രോഗബാധിതരും അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരും പൂർണമായും സമൂഹത്തിൽ നിന്ന് അകന്നുമാറി കഴിയുക എന്നതാണ്. ഈ യാഥാർത്ഥ്യം അറിഞ്ഞോ അറിയാതെയോ മറന്നതുകൊണ്ടാണ് സംസ്ഥാനത്ത് ഒന്നേകാൽ ലക്ഷത്തിനടുത്ത് ആളുകൾ നിരീക്ഷണത്തിൽ കഴിയേണ്ട സാഹചര്യമുണ്ടായത്. രോഗികളുടെ എണ്ണത്തിലും കേരളം കഴിഞ്ഞ ദിവസം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയത് ഒട്ടൊന്നുമല്ല സർക്കാരിനെ ഉത്‌കണ്ഠപ്പെടുത്തുന്നത്. വെള്ളിയാഴ്ചത്തെ കണക്കു പ്രകാരം 176 പേരാണ് രോഗബാധിതരായുള്ളത്. അവരിൽ ഒരാൾ കളമശ്ശേരിയിൽ മരണമടഞ്ഞു. 163 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ചുകൊണ്ട് നിരീക്ഷണത്തിൽ നിന്ന് ചാടിപ്പോയി സമൂഹത്തിൽ രോഗവിപത്തു സൃഷ്ടിക്കുന്നവരുടെ സംഖ്യ കൂടി വരുന്നതാണ് മറ്റൊരു തലവേദന. രോഗിയായി ആശുപത്രിയിൽ കഴിയേണ്ടിവരുമ്പോഴും അനുസരണക്കേടു കാട്ടുന്നവരുണ്ട്. ധാർഷ്ട്യം നിറഞ്ഞ തങ്ങളുടെ പെരുമാറ്റം സൃഷ്ടിച്ചേക്കാവുന്ന വിപത്ത് മനസിലാക്കാതെയൊന്നുമായിരിക്കില്ല ഇവർ ഇതൊക്കെ ചെയ്യുന്നത്. പ്രധാനമായും അഹങ്കാരവും സഹജീവികളോടുള്ള പരിഗണനയില്ലായ്മയുമാകാം കാരണം. ഏതായാലും ഇത്തരക്കാരെ നിയമമനുസരിച്ചു നേരിടാൻ ഒട്ടും അമാന്തം കാണിക്കരുത്.

രോഗം പിടിപെട്ട ശേഷവും സംസ്ഥാനത്തുടനീളം കറങ്ങി നടന്ന തൊടുപുഴയിലെ കോൺഗ്രസ് നേതാവും കൊല്ലത്ത് ദുബായിൽ നിന്നെത്തിയ പ്രവാസിയും വരുത്തിവച്ച വിനകൾ പറഞ്ഞറിയിക്കാനാവാത്തതാണ്. മാർച്ച് 8-നും 24-നുമിടയ്ക്ക് ഈ കോൺഗ്രസ് നേതാവ് ദിവസേന നൂറും ഇരുനൂറും കിലോമീറ്ററാണ് സംസ്ഥാനത്തുടനീളം സഞ്ചരിച്ചത്. നൂറുകണക്കിനാളുകളുമായി ബന്ധപ്പെടുകയും ചെയ്തു. ഉന്നത നേതാക്കൾ മുതൽ സാധാരണക്കാർ വരെ ഇതിൽ ഉൾപ്പെടും. രോഗലക്ഷണങ്ങൾ പ്രകടമായ ശേഷവും യാത്രയ്ക്കോ സമ്പർക്കത്തിനോ കുറവുണ്ടായില്ല. രണ്ടായിരമോ മൂവായിരമോ പേരെങ്കിലും നിരീക്ഷണത്തിൽ പോകേണ്ട സ്ഥിതിയാണ് നേതാവിന്റെ സമ്പർക്ക യാത്രമൂലം ഉണ്ടായിരിക്കുന്നത്. ഏറ്റവുമൊടുവിൽ സ്വയം പേരു വെളിപ്പെടുത്തി താനുമായി ഇടപെട്ട എല്ലാവരും നിരീക്ഷണത്തിൽ പോകാൻ അഭ്യർത്ഥന പുറപ്പെടുവിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണദ്ദേഹം. എത്രയെത്ര കുടുംബങ്ങളാണ് ഇനിയുള്ള രണ്ടുമൂന്നാഴ്ചക്കാലം തീതിന്നു കഴിയേണ്ടിവരുന്നത്. സാധാരണ ഒരു ജലദോഷം പോലും കൊറോണയുടെ പ്രാരംഭലക്ഷണമായി കണക്കാക്കി മുൻകരുതലെടുക്കണമെന്ന നിർദ്ദേശം ആഴ്ചകളായി മാദ്ധ്യമങ്ങളിൽ തുടരെത്തുടരെ വന്നുകൊണ്ടിരിക്കുമ്പോഴാണ് പനിയും ചുമയുമൊക്കെയായി നേതാവ് പലവട്ടം ആശുപത്രികളിൽ കയറിയിറങ്ങിയത്. ഇദ്ദേഹത്തെ പരിശോധിച്ചവരും സംഗതി കാര്യമായെടുത്തില്ലെന്നതാണ് മറ്റൊരു ഗുരുതര വീഴ്ച.

കോൺഗ്രസ് നേതാവിനെപ്പോലെ തന്നെ ഒട്ടും കരുതലില്ലാതെയാണ് ദുബായിൽ നിന്നെത്തിയ കൊല്ലത്തെ പ്രവാസിയുടെയും സഞ്ചാരപഥം. ഡോക്ടർമാരും നിരവധി രോഗികളുമടക്കം രണ്ടായിരത്തോളം പേരെങ്കിലും നിരീക്ഷണത്തിൽ പോകേണ്ട സ്ഥിതിയാണുള്ളത്. വിദേശത്തു നിന്നെത്തുന്നവർ അവശ്യം പാലിക്കേണ്ട മുൻകരുതലുകളൊന്നും ഈ പ്രവാസി പാലിച്ചില്ലെന്നാണ് ഇപ്പോൾ അറിയുന്നത്. വിമാനത്താവളത്തിലെ പരിശോധനയും വേണ്ടപോലെയായിരുന്നില്ലെന്ന സൂചന കൂടി ഇതോടൊപ്പമുണ്ട്. പരിശോധനയും നിരീക്ഷണവുമൊക്കെ കർക്കശമാക്കിയ സമയത്താണ് പ്രവാസി തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. എന്നിട്ടും ആട്ടോ പിടിച്ച് ബസ് സ്റ്റേഷനിലും അവിടെ നിന്ന് ബസിൽ കൊല്ലത്തുമെത്തി. ആട്ടോ ഡ്രൈവർമാരും ബസ് കണ്ടക്ടറും ഒപ്പം ബസിലുണ്ടായിരുന്ന യാത്രക്കാരുമൊക്കെ ഗൃഹനിരീക്ഷണത്തിൽ പോകേണ്ടിവരും.

കൊറോണ ബാധിതരുടെ പേരുവിവരം സർക്കാരിനു പരസ്യമാക്കേണ്ടിവരുമെന്ന മുഖ്യമന്ത്രി പിണറായിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വളരെയധികം പേരെ കഷ്ടപ്പെടുത്തുന്ന ഇതുപോലുള്ളവരെ ഉദ്ദേശിച്ചാണ്. രോഗബാധിതർ പല സ്ഥലങ്ങളിൽ പോവുകയും വളരെയധികം പേരുമായി ബന്ധപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ രോഗബാധിതരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തേണ്ടത് പൊതുജനനന്മയ്ക്ക് അനിവാര്യമാണ്. വിവരങ്ങൾ എല്ലാവരും അറിഞ്ഞാലേ സമ്പർക്കം പുലർത്തിയ ആളുകൾക്ക് ആവശ്യമായ മുൻകരുതലെടുക്കാനാവൂ. അറിഞ്ഞുകൊണ്ട് രോഗാവസ്ഥ മറച്ചുവച്ച് സമൂഹത്തിന് വിന സൃഷ്ടിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു വന്നാൽ ഇപ്പോഴത്തെ സ്ഥിതിക്കു മാറ്റമുണ്ടാകും. ഗൃഹനിരീക്ഷണത്തിൽ കഴിയവെ കൊല്ലത്തു നിന്നു മുങ്ങിയ സബ് കളക്ടറെ സസ്പെൻഡ് ചെയ്തത് നന്നായി. ജനങ്ങൾക്ക് മാതൃകയാകേണ്ട ഉന്നത ഉദ്യോഗസ്ഥൻ ഉത്തരവാദിത്വം മറന്നു പെരുമാറിയാൽ ശിക്ഷിക്കുക തന്നെ വേണം. നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തുകടന്ന് സ്വതന്ത്രമായി സഞ്ചരിക്കാൻ തുടങ്ങിയാൽ പിടിച്ചാൽ പിടികിട്ടാത്ത വിധം രോഗവ്യാപനത്തിനു സാദ്ധ്യതയേറും. രാജ്യമൊട്ടാകെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതു തന്നെ കൊറോണയുടെ സമൂഹവ്യാപനം തടയാൻ വേണ്ടിയാണ്. അത്യാവശ്യ കാര്യങ്ങൾക്കായി മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളൂ. അതു മനസിലാക്കാതെ കാഴ്ച കാണാനിറങ്ങിയ പലരും കഴിഞ്ഞ നാലു ദിവസങ്ങളിൽ പൊലീസ് പിടിയിലായി. ജനങ്ങൾ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ നിയമത്തിന് ഇടപെടേണ്ടതായിവരും. അതിൽ പരിഭവിച്ചിട്ടോ പരാതിപ്പെട്ടിട്ടോ കാര്യമില്ല.

രോഗസാദ്ധ്യത ഉണ്ടോ ഇല്ലയോ എന്നു ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഗൃഹനിരീക്ഷണം. കുറച്ചുദിവസം അടച്ചുകഴിയേണ്ടിവരുമെന്ന അവസ്ഥ തന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടിയാണെന്നു മനസിൽ ഉറപ്പിച്ചാൽ സന്തോഷപൂർവം ഈ ദിനങ്ങൾ കടന്നുപോകാവുന്നതേയുള്ളൂ. നിരീക്ഷണകാലം നല്ല ചിന്തകളും നല്ല വായനയും നല്ല മനോഭാവവും കൊണ്ട് അർത്ഥപൂർണമാക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നവർക്ക് പ്രചോദനമാകേണ്ടതാണ്.

വെള്ളിയാഴ്ച 39 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായ വാർത്ത അലോസരപ്പെടുത്തുന്നതു തന്നെയാണ്. ഈ 39 പേരിൽ 34 പേരും കാസർകോട്ടാണെന്നതും ഗൗരവപൂർവം കാണണം. അവിടെ കൂടുതൽ കരുതൽ നടപടികളെടുക്കേണ്ട സ്ഥിതിയാണുള്ളത്. സർക്കാരിന് അതു ബോദ്ധ്യമായിട്ടുണ്ട്. രക്തസാമ്പിളുകളുടെ പരിശോധന വേഗത്തിലാക്കാനുള്ള സംവിധാനം ഒരുങ്ങുന്നതായ വാർത്ത ഏറെ ആശ്വാസം നൽകുന്നു. രോഗബാധിതർക്കു മാത്രമല്ല നിരീക്ഷണത്തിൽ കഴിയുന്നവർക്കും അതു ഏറെ ഗുണകരമാകും.