തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അഞ്ചു നാൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് വായു മലിനീകരണം നല്ല തോതിൽ കുറഞ്ഞു. നിരത്തുകളിൽ വാഹനങ്ങൾ മിക്കവാറും അപ്രത്യക്ഷമായതാണ് രക്ഷയായത്.
അന്തരീക്ഷ മലിനീകരണത്തിൽ 60 ശതമാനവും ഉണ്ടാകുന്നത് വാഹനങ്ങളുടെ പുകയിൽ നിന്നാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുണ്ടാകുന്ന കൊച്ചിയിൽ എയർ ക്വാളിറ്റി ഇൻഡ്ക്സ് ഇന്നലെ 55 ആയി കുറഞ്ഞു. നേരത്തേ ഇത് 200 (ug/m3) കടന്നു പോയിട്ടുണ്ട്. വൈറ്റില ഹബ്ബിൽ മാർച്ച് ആറിന് ഇൻഡക്സ് 177 ആയിരുന്നു. 24ന് രേഖപ്പെടുത്തിയയത് 55.65.
കൊച്ചി കഴിഞ്ഞാൽ വായു മലീനീകരണം കൂടുതൽ കോഴിക്കോട്ടാണ്. നഗരത്തിൽ എയർ ക്വാളിറ്റി ഇൻഡക്സ് 91വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ വന്നതോടെ ഇത് 45 ആയി. തിരുവനന്തപുരം നഗരത്തിൽ പ്ളാമൂട്ടിലാണ് അന്തരീഷ മലിനീകരണ തോത് അളക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടത്തെ ഇൻഡക്സ് 38 മാത്രം. അടച്ചുപൂട്ടലിനു മുമ്പ് 58-60 വരെ എത്തിയിട്ടുണ്ട്.
അയ്യോ..., ഡൽഹി;
ഹായ് പത്തനംതിട്ട
രാജ്യത്ത് വായു മലിനീകരണം ഏറ്റവും അധികം ഡൽഹിയിലാണ്. എയർ ക്വാളിറ്റി ഇൻഡക്സ് 400- 500 വരെ രേഖപ്പെടുത്താറുണ്ട്. ഏറ്റവും കുറഞ്ഞ വായു മലിനീകരണമുള്ള ഇന്ത്യൻ പട്ടണം പത്തനംതിട്ടയാണ്. ശരാശരി ഇൻഡക്സ് 29. ലോക് ഡൗണിനു ശേഷമുള്ള റീഡിംഗ് തിങ്കളാഴ്ച അറിയാം. പത്തിൽ താഴെ എത്താമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറി എസ്. ശ്രീകല പറയുന്നു.
മലിനീകരണ നിയന്ത്രണ ബോർഡ്
എയർ ക്വാളിറ്റി ഇൻഡക്സ്
0- 50: നല്ലത്
51-100: തൃപ്തികരം
101- 200: ചെറിയതോതിൽ ഹാനികരം
201- 300: ഹാനികരം
301- 400 : ഗുരുതരം
401- നു മുകളിൽ: അതീവ ഗുരുതരം