കല്ലമ്പലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അത്യാവശ്യ സർവീസായി പ്രവർത്തിക്കുമെന്ന് ബി. സത്യൻ എം.എൽ.എ അറിയിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം ആവശ്യമുള്ളവർക്കും ഭക്ഷണമെത്തിക്കാൻ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം തുടങ്ങി. ഇതിനുള്ള എല്ലാ നടപടികളും പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റുമാർ അറിയിച്ചു. കരവാരത്ത് കഴിഞ്ഞ ദിവസം മുതൽ ബഡ്സ് സ്‌കൂൾ പരിസരത്തും പഞ്ചായത്തിലുമായി കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം തുടങ്ങി. മണമ്പൂരിൽ പെരുങ്കുളത്ത് കുടുംബശ്രീ യൂണിറ്റിനെ ഇതിന്റെ ചുമതല ഏല്പിച്ചു. നാവായിക്കുളത്ത് ഗവ.എച്ച്.എസ്.എസിലും ഒറ്റൂർ പഞ്ചായത്തിൽ മാമ്പഴക്കോണം കമ്മ്യൂണിറ്റി സെന്ററിലും പള്ളിക്കലിൽ സുമിയ ഓഡിറ്റോറിയത്തിലും സൗജന്യ ഭക്ഷണവിതരണം നടന്നു. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന എല്ലാവർക്കും ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.