തിരുവനന്തപുരം:കൊറോണ രോഗികളുടെ എണ്ണം സംസ്ഥാനത്ത് ദിനംപ്രതി വർദ്ധിച്ചപ്പോഴും ഏക ആശ്വാസംവൈറസ് ആരുടെയും ജീവൻ കവർന്നില്ലെന്നതായിരുന്നു. ഇന്നലെ ആ ആശ്വാസം അവസാനിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി , അറുപത്തൊമ്പതുകാരൻ യാക്കൂബ് സേട്ടിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സംസ്ഥാനം.
ആരോഗ്യവകുപ്പ് ആദ്യമേ ഈ അപകടം മുന്നിൽക്കണ്ടിരുന്നു. പ്രായമായവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റു രോഗങ്ങൾ ഉള്ളവർക്കും കൊറോണ ബാധിച്ചാൽ മാരകമാകാൻ സാദ്ധ്യത കൂടുതലാണ്. മറ്റ് അസുഖങ്ങളെ കൊറോണ വൈറസ് വഷളാക്കും. അതാണ് മരണകാരണമാവുക.
ഇത്തരക്കാർ കർശന ജാഗ്രത പാലിക്കാൻ സർക്കാർ നിരന്തരം ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്.
യാക്കൂബ് സേട്ടിന്റെ മരണത്തിനു കാരണം ഹൃദയാഘാതമാണെന്നാണ് നിഗമനം. നേരത്തെ ബൈപാസ് സർജറിക്കു വിധേയനായ ഇദ്ദേഹം അധിക രക്തസമ്മർദ്ദത്തിന് മരുന്നു കഴിച്ചിരുന്നു. കൊറോണ വൈറസ് ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയായിരുന്നു. വൈറസ് ബാധിച്ചാൽ ഹൃദ്രോഗത്തിനുള്ള മരുന്നുകളുടെ ഉപയോഗം കൂടുതൽ അപകടകരമാകുമെന്നും ചില ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ വൈറസ് ബാധിച്ച് ചികിത്സയിലുള്ള പലരും മറ്റ് അസുഖങ്ങളുമുള്ളവരാണ്. 88 വയസ്സും 96 വയസുള്ളവർ കോട്ടയത്ത് ചികിത്സയിലുണ്ട്. ഇവരുടെ ഇ.സി.ജിയിൽ വ്യതിയാനങ്ങളുണ്ടായിരുന്നു. എങ്കിലും നില ഗുരുതരമല്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. പക്ഷെ ആ സ്ഥിതി എപ്പോൾ വേണമെങ്കിലും മാറാമെന്ന ആശങ്കയുമുണ്ട്. മറ്റു രോഗങ്ങളുമായി ചികിത്സയിലുള്ളവരിലേക്ക് രോഗം വ്യാപിച്ചാൽത്തന്നെ അത് വലിയൊരു സംഖ്യ വരും. വൈറസ് സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലേക്കു മാറിയാൽ സർക്കാരിനു മുന്നിലുള്ള വലിയ ഭീഷണി അതാണ്. ചെറുപ്പക്കാരിൽത്തന്നെ രോഗപ്രതിരോധ ശേഷി കുറഞ്ഞവർ ഒരുപാടുണ്ട് എന്നതും ആശങ്കാജനകമാണ്.
കമന്റ്
............
കൊറോണ വൈറസ് കാരണം ഒരു മരണമുണ്ടായത് ദു:ഖകരമാണ്. എങ്കിലും പരിഭ്രാന്തരാകേണ്ടതില്ല. ഇതെല്ലാം മുന്നിൽക്കണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. പ്രായമായവർ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം. രോഗപ്രതിരോധ ശേഷി കുറഞ്ഞ ചെറുപ്പക്കാരും ജാഗ്രത പാലിക്കണം.
ഡോ. എബ്രഹാം വർഗീസ്
സംസ്ഥാന പ്രസിഡന്റ്
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ