തിരുവനന്തപുരം: സാമൂഹികമായ ഒരുമയും ശാരീരികമായ അകലവും പാലിച്ച് നാടിന്റെ രക്ഷാദൗത്യം ഏറ്റെടുക്കാൻ നാമോരോരുത്തരും തയ്യാറാകേണ്ട അനിവാര്യ ഘട്ടമാണിതെന്ന് വിവിധ മത, സാമുദായിക നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. 'ഒന്നിച്ചുനിൽക്കുക; പതറാതെ കൊറോണ വിപത്തിനെ അതിജീവിക്കാൻ മുന്നേറുക'- പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

സമ്പന്നനെന്നോ ദരിദ്രനെന്നോ പ്രത്യേക വിഭാഗത്തിൽപ്പെട്ടവനെന്നോ ഭേദമില്ലാതെ പടർന്നുപിടിക്കുന്ന കൊറോണ വൈറസിനെതിരായ പോരാട്ടം മനുഷ്യരാശിയുടെ നിലനില്പിന് തന്നെയുള്ള സമരമായി മാറിക്കഴിഞ്ഞിരിക്കുന്നു.

.നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണം. ആരോഗ്യപ്രവർത്തകർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സഹായകമായ ഇടപെടലുകൾ നടത്തണം. നമ്മുടെ സ്ഥാപനങ്ങൾ അത്തരം പൊതു കാര്യങ്ങൾക്കായി ഉപയുക്തമാക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.

എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ, കേരള ജമാഅത്ത് ഉൽഉലമ സമസ്ത പ്രസിഡന്റ് സയ്ദ് മുത്തുക്കോയ ജിഫ്രി തങ്ങൾ, സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കേരള മുസ്ലിം ജമാഅത്ത് സമസ്ത (എ.പി സുന്നി) പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ, സീറോ മലങ്കര ചർച്ച് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ്, ഫോർട്ട് കൊച്ചി ആർച്ച് ബിഷപ്പ് ജോസഫ് കാരിയിൽ, ലാറ്റിൻ അതിരൂപത മെട്രോ പോളിറ്റൻ ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം, കേരള പുലയർ മഹാസഭ ജനറൽസെക്രട്ടറി പുന്നല ശ്രീകുമാർ, കേരള നദ്‌വത്തുൽ മുജാഹിദ് ജനറൽസെക്രട്ടറി ഹുസൈൻ മടവൂർ, മലങ്കര ഓർത്തഡോക്സ് സിറിയൻചർച്ച് മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് മാർത്തോമ്മ പൗലോസ്, യാക്കോബായ സഭ ശ്രേഷ്ഠബാവ ബസേലിയോസ് തോമസ് പ്രഥമൻ, സി.എസ്.ഐ ബിഷപ്പ് എ. ധർമ്മരാജ് റസാലം, മലങ്കര മാർത്തോമ സിറിയൻചർച്ച് മെത്രാപ്പോലീത്ത ഡോ.ജോസഫ് മാർത്തോമ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, പെന്തക്കോസ്ത് മിഷന്റെ ഡോ.ടി. വത്സൻ എബ്രഹാം എന്നിവരുടേതാണ് സംയുക്ത അഭ്യർത്ഥന.