തിരുവനന്തപുരം: കൊറോണയെ തുടർന്ന് കേരളം വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ അത് മറികടക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. മഹാപ്രളയ കാലത്തേതിന് സമാനമായ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം കടന്നിരിക്കുകയാണ്. ഈ വിഷമഘട്ടത്തിൽ കേരളത്തിന് താങ്ങായി മാറുകയെന്ന ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കടമയായി കരുതണം. എല്ലാവരുടേയും സഹായം മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാർട്ടി അംഗങ്ങളും അനുഭാവികളും വർഗ ബഹുജന സംഘടനാ പ്രവർത്തകരും മറ്റ് ജനവിഭാഗങ്ങളും സ്ഥാപനങ്ങളും കൈയയച്ച് സംഭാവന നൽകണം. സ്ഥിരം വരുമാനമുള്ളവർ ഒരു മാസത്തെ വേതനം സംഭാവനയായി നൽകി സഹായിക്കണം. സംഭാവന എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് അയച്ചുകൊടുക്കണമെന്നും സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.