നെയ്യാറ്റിൻകര: കൊറോണ വ്യാപനത്തിനം തടയാൻ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വെട്ടിലായിരിക്കുന്നത് താലൂക്കിലെ ദിവസ വേതന തൊഴിലാളികളാണ്. നിർമ്മാണ മേഖലയും കാർഷിക മേഖലയും സ്തംഭിച്ചതോടെ ഗ്രാമീണ മേഖലയിലെ അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന കുടുംബങ്ങൾ പട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണ്. ഒപ്പം പ്രദേശത്തെ ക്ഷീര കർഷകരും. അത്യാവശ്യ സാധനങ്ങൾക്കുള്ള കടകൾ രാവിലെ മുതൽ വൈകിട്ട് വരെ തുറന്നിരിക്കുമെങ്കിലും ആവശ്യത്തിന കൈയ്യിൽ കാശില്ലാത്തതിനാൽ സാധനങ്ങൾ വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. പ്രദേശത്തെ ചെറുകിട വ്യാപാരികളും മത്സ്യത്തൊഴിലാളികളുമാണ് ദുരിതത്തിലായിരിക്കുന്ന മറ്റൊരു വിഭാഗം. താലൂക്കിലെ വ്യാപാരികളും ജനങ്ങളും പ്രധാനമായും ആശ്രയിച്ചിരുന്നത് അയൽ സംസ്ഥാനങ്ങളി നിന്നും വരുന്ന ഭക്ഷ്യ ഉത്പന്നങ്ങളെയായിരുന്നു. എന്നാൽ ചെക്പോസ്റ്റുകൾ അടച്ച് ചരക്ക് വാഹനങ്ങൾ എത്താതായതോടെ വെട്ടിലായി. നിലവിൽ പല വ്യാപാര സ്ഥാപനങ്ങളിലും ആവശ്യത്തിന് സ്റ്റോക്കില്ല. ഒപ്പം പല ചെറുകിട വ്യാപാരികളും ഹോൾസെയിൽ കടകളിൽ നിന്നും കൂടിയ വിലയ്ക്കാണ് സാധനങ്ങൾ വാങ്ങുന്നത്. അതുകൊണ്ട് തന്നെ റീട്ടെയിൽ വ്യാപാരികളും ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വില്ക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ വരാത്തത് കാരണം ഇവ വാങ്ങി ചന്തകളിൽ എത്തിച്ച് വില്പന നടത്തിയിരുന്ന വലിയൊരു വിഭാഗം സ്വയം തൊഴിൽ സ്ത്രീകളാണ് ഇതു കാരണം വെട്ടിലായത്.