പാലോട്: നന്ദിയോട് മാർക്കറ്റിലെ മാലിന്യ ഓടകൾ കര കവിഞ്ഞൊഴുകിയിട്ടും പഞ്ചായത്ത് അധികൃതർ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന് പരാതി. ദുർഗന്ധം വമിക്കുന്ന ഓടകൾ നിറഞ്ഞൊഴുക്കുന്നത് മാർക്കറ്റിന് സമീപത്തെ റോഡിലൂടെയാണ്. വീടുകളിലെയും ചില ഹോട്ടലുകളിലെയും കക്കൂസ് മാലിന്യം ഉൾപ്പെടെ ഒഴുക്കി വിടുന്നതായും ആക്ഷേപമുണ്ട്. മുക്ക് പൊത്താതെ ഇതുവഴി നടക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇതുവഴി ഒഴുകുന്ന മാലിനജലം ചെന്നെത്തുന്നത് ആലംപാറ, തോട്ടുമുക്ക്, ഊളൻകുന്ന് നിവാസികൾ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന ആലംപാറ തോട്ടിലാണ്. ഇതോടെ തോട്ടിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത നിലയിലാണ്. റോഡ് പണിയുമായി ബന്ധപ്പെട്ട് ഓടയുടെ സ്ലാബുകൾ മാറ്റിയതോടെയാണ് നീർച്ചാലിന്റെ സ്ഥിതി ഇത്രയും ഗുരുതരമായത്. നിരവധി തവണ പഞ്ചായത്ത്,ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.